മൊഹാലി: ഐപിഎല്‍ ഒമ്പതാം പതിപ്പില്‍ ഗുജറാത്ത് ലയണ്‍സിന് ഇന്ന് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് എതിരാളികള്‍. കഴിഞ്ഞ ദിവസം മറ്റൊരു അരങ്ങേറ്റ ടീമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് വിജയത്തോടെ തുടക്കം കുറിച്ചിരുന്നു. അത്തരമൊരു തുടക്കമാണ് ഗുജറാത്ത് ലയണ്‍സും ഇന്ന് ലക്ഷ്യമിടുന്നത്.
ഇന്റക്‌സ് ടെക്‌നോളജീസാണ് ഗുജറാത്ത് ലയണ്‍സ് ടീം ഉടമകള്‍. ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ക്യാപ്റ്റനും ഓസീസ് താരം ബ്രാഡ് ഹോഡ്ജ് പരിശീലകനുമായാണ് ഗുജറാത്ത് ലയണ്‍സ് ആദ്യ സീസണില്‍ പാഡുകെട്ടിയിറങ്ങുന്നത്. ഐപിഎല്ലിലെ കഴിഞ്ഞ എട്ട് സീസണുകളിലും എല്ലാ മത്സരങ്ങളും കളിച്ച താരമാണ് സുരേഷ് റെയ്‌ന. ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും. 128 ഇന്നിങ്‌സുകളില്‍ നിന്നായി 3699 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. റെയ്‌നക്കൊപ്പം ബ്രണ്ടന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച്, ഡ്വെയ്ന്‍ സ്മിത്ത് എന്നിവരും ബാറ്റിങ്ങില്‍ ടീമിന്റെ നട്ടെല്ലാവും. ഇന്ത്യന്‍ അണ്ടര്‍ 19 ടീം നായകന്‍ ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ജയിംസ് ഫോക്‌നര്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരും ചേരുമ്പോള്‍ എതിര്‍ ബൗളര്‍മാര്‍ വിറയ്‌ക്കുകതന്നെ ചെയ്യും.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍ നയിക്കുന്ന ബൗളിങ് നിരയും ഏറെ കരുത്തുറ്റത്. സ്‌റ്റെയിനൊപ്പം ഒാസീസ് താരം ആന്‍ഡ്രൂ ടൈ, ഇന്ത്യന്‍ സീമര്‍മാരായ പ്രവീണ്‍കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, പ്രദീപ് സാംഗ്‌വന്‍ എന്നിവരും എതിര്‍ നിരയില്‍ ഭീതി പടര്‍ത്താന്‍ കെല്പുള്ളവര്‍. അമിത് മിശ്രയും രവീന്ദ്ര ജഡേയ്‌ക്കും പുറമെ 44കാരനായ പ്രവീണ്‍ താംബയും ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. മികച്ച താരങ്ങളാല്‍ സമ്പന്നമാണ് ടീമെങ്കിലും സമീപകാലത്തായി സുരേഷ് റെയ്‌ന ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്.
ഏഷ്യാകപ്പിലും ട്വന്റി 20 ലോകകപ്പിലും റെയ്‌ന ഏറെ നിരാശപ്പെടുത്തിയിരുന്നു. അതുപോലെ രവീന്ദ്ര ജഡേജയും ഫോമിലല്ല.
2008ലെ ആദ്യ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഇതുവരെ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ പതിപ്പില്‍ സെമിയില്‍ കളിച്ച അവര്‍ 2014-ല്‍ ഫൈനലിലും കളിച്ചു. എന്നാല്‍ കഴിഞ്ഞ തവണ ഏറ്റവും പിന്നിലാണ് ഫിനിഷ് ചെയ്തത്. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറാണ് ഇത്തവണ ടീം ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍ കോച്ചും.
വീരേന്ദര്‍ സെവാഗിനെ മുഖ്യ ഉപദേഷ്ടാവുമാക്കിയാണ് പ്രീതി സിന്റ ഇത്തവണ ടീമിനെ ഒരുക്കിയിരിക്കുന്നത്. മില്ലര്‍ക്ക് പുറമെ ഒാസീസ് ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഇന്ത്യന്‍ ഓപ്പണര്‍ മുരൡ വിജയ്, മനന്‍ വോറ, ഓള്‍ റൗണ്ടര്‍മാരായ റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ദക്ഷിണാഫ്രിക്കയുടെ ബഹാര്‍ഡിന്‍ എന്നിവരും അണിനിരക്കുമ്പോള്‍ ടീം തികച്ചും സന്തുലിതം.
ബൗളിങ് നയിക്കുക മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. കഴിഞ്ഞ നവംബറില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച മിച്ചല്‍ ജോണ്‍സന് നീണ്ട വിശ്രമത്തിനുശേഷം കളത്തിലിറങ്ങുമ്പോള്‍ പഴയ ഫോം കണ്ടെത്താനാകുമോ എന്നും ആശങ്കയുണ്ട്. ദക്ഷിണാഫ്രിക്കയുടെ കെയ്ല്‍ അബോട്ട്, ഇന്ത്യന്‍ പേസര്‍ മോഹിത് ശര്‍മ്മ എന്നിവരും ജോണ്‍സണ് പിന്തുണ നല്‍കാനുണ്ട്. സ്പിന്‍ നിയന്ത്രിക്കുക അക്ഷര്‍ പട്ടേലാണ്.
















