ന്യൂദല്‍ഹി: റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തനും ആധുനികവല്‍ക്കരണത്തിനുമായി 8.5ലക്ഷം കോടി രൂപ ചെലവിടാന്‍ കേന്ദ്രസര്‍ക്കാര്‍. അടുത്ത നാലുവര്‍ഷം കൊണ്ടാണ് ഇത്രയും തുക റെയില്‍വേയില്‍ മുടക്കുന്നത്. അതിവേഗ റെയില്‍ ഉള്‍പ്പെടെയുള്ള സ്വപ്‌ന പദ്ധതികളും ഇതിലുള്‍പ്പെടും.
അതിവേഗ റെയില്‍, റെയില്‍വേ സ്റ്റേഷനുകളുടെ പുനരുദ്ധാരണം, പാളങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് കേന്ദ്രറെയില്‍മന്ത്രാലയത്തിന്റെ ലക്ഷ്യം. റെയില്‍ സൗകര്യങ്ങളുടെ ആധുനികവല്‍ക്കരണത്തിനായി വരുന്ന 8.5 കോടി രൂപയുടെ നിക്ഷേപം രാജ്യത്തെ റെയില്‍മേഖലയുടെ മുഖച്ഛായ മാറ്റിമറിക്കുന്നതാണ്.
റെയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ദേശീയ പദ്ധതിരേഖ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിക്കുകയാണ് റെയില്‍വേ. പൊതുമേഖലയുടെ ആധുനികവല്‍ക്കരണം വഴി സാമ്പത്തികമേഖലയുടെ വളര്‍ച്ചയും സാധ്യമാകും. റെയില്‍ ബജറ്റിലെ വിഹിതത്തിനപ്പുറത്ത് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികള്‍ വഴി റെയില്‍മേഖലയിലെ കുതിപ്പ് സാധ്യമാക്കാനാകും.
2014-15ലെ 57,000 കോടിയില്‍ നിന്നും 2015-16ല്‍ റെയില്‍വേയുടെ ധനവ്യയം 97,000 കോടിയായി ഉയര്‍ന്നിട്ടുണ്ട്. പുതിയ സാമ്പത്തിക വര്‍ഷം അത് 1.21 ലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റെയില്‍ വിപുലീകരണങ്ങള്‍ക്കായി എല്‍ഐസിയില്‍ നിന്നും 1.5ലക്ഷം കോടി രൂപ ലഭിക്കാനുള്ള സാധ്യതകള്‍ കേന്ദ്രഇടപെടലോടെ സജീവമായിട്ടുണ്ട്. ഇതിനു പുറമേ വിദേശ നിക്ഷേപം വഴി ലഭിക്കുന്ന തുകയും റെയില്‍ ആധുനികവല്‍ക്കരണത്തിന് സഹായകരമാകും. റെയില്‍ മേഖലയിലെ സഹകരണത്തിനായി ഇതിനകം 13 രാജ്യങ്ങളുമായി ഭാരത റെയില്‍വേ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിക്കായി ജപ്പാന്‍ 97,636 കോടി രൂപയാണ് നിക്ഷേപിക്കുക. ഇതിനു പുറമേ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ എല്ലാ മെട്രോ നഗരങ്ങളെയും തമ്മില്‍ അതിവേഗ റെയില്‍ പദ്ധതിവഴി ബന്ധിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. വജ്രചതുഷ്‌ക്കോണ പദ്ധതി പ്രകാരമാണ് മെട്രോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക. രാജ്യത്തെ പ്രധാനപ്പെട്ട 408 റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും സ്വകാര്യ പങ്കാളിത്തത്തോടെ സാധ്യമാക്കും. ഓണ്‍ലൈന്‍ ലേലത്തിലൂടെയാകും സ്വകാര്യ മേഖലയെ ഇതിനായി തെരഞ്ഞെടുക്കുകയെന്നും റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















