ന്യൂദല്‍ഹി: അമേരിക്ക, ബെല്‍ജിയം, സൗദി അറേബ്യ എന്നിവിടങ്ങള്‍ അടക്കം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം, അതും വെറും 97 മണിക്കൂറിനുള്ളില്‍. ഉറക്കമെല്ലാം വിമാനത്തില്‍ തന്നെ. ജോലിയെല്ലാം തിരക്കിട്ട് പൂര്‍ത്തിയാക്കി നാലാം ദിനം മടങ്ങിയെത്തി. ഇത്തരമൊരനുഭവം ഇതാദ്യമാണ്. വിമാനത്തില്‍ ഉറങ്ങിയില്ലായിരുന്നെങ്കില്‍ കുറഞ്ഞത് ആറു ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു മടങ്ങിയെത്താന്‍… ഒരു മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യാത്രയെല്ലാം രാത്രിയില്‍. ഉറക്കം വിമാനത്തില്‍ തന്നെ. സമയം ലാഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച സൂത്രമാണിത്.
സാധാരണ പ്രധാനമന്ത്രിയടക്കമുള്ളവര്‍ വിദേശയാത്രകള്‍ നടത്തുമ്പോള്‍ സമയമെടുത്ത് രാത്രിയില്‍ ഓരോ രാജ്യത്തും അവിടുത്തെ ഹോട്ടലുകളില്‍ തങ്ങി വളരെപ്പതുക്കെയാണ് യാത്ര. സമയം നഷ്ടമാണ് ഇതിന്റെ ഫലം. മോദിയുടെ സൂത്രം വഴി ഈ സമയനഷ്ടം ഒഴിവായി.മാര്‍ച്ച് 30നു തുടങ്ങിയ യാത്ര ഏപ്രില്‍ രണ്ടിന് അവസാനിച്ചു. മൂന്നു രാത്രികളില്‍ എയറിന്ത്യാ ഒന്ന് വിമാനത്തിലായിരുന്നു ഉറക്കം. ദല്‍ഹിയില്‍ നിന്ന് ബ്രസല്‍സിലേക്കും ബ്രസല്‍സില്‍ നിന്ന് വാഷിംഗ്ടണിലേക്കും വാഷിംഗ്ടണില്‍ നിന്ന് റിയാദിലേക്കും രാത്രിയാത്ര. വെറും രണ്ടു രാത്രികളില്‍ മാത്രമേ ഹോട്ടലുകളില്‍ തങ്ങിയുള്ളു. വാഷിംഗ്ടണിലും റിയാദിലും. ഹോട്ടലിലെ താമസം കൊണ്ട് ഒരു നേട്ടവുമില്ല. അതിനാല്‍ രാത്രിയാത്ര മതിയെന്നാണ് മോദി നല്‍കിയ നിര്‍ദ്ദേശം. ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍സിംഗിന്റെ യാത്ര ദൈര്‍ഘ്യമേറിയവയായിരുന്നു. മിക്കവയും ഉച്ചകോടികളുമായി ബന്ധപ്പെട്ട്. പല ദിവസവും ഒരു പരിപാടി മാത്രമാണ് ഉണ്ടാകാറുള്ളത്. രാത്രിയാത്ര വല്ലപ്പോഴും മാത്രം. ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദ്യ രണ്ടു വര്‍ഷം മോദി വിദേശത്ത് 92 ദിവസം ചെലവിട്ടു. സിംഗ് 72 ദിവസവും. എന്നാല്‍ 20 യാത്രകളിലായി മോദി 40 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. എല്ലാം തിരക്കിട്ട പരിപാടികളായിരുന്നു. 15 യാത്രകളിലായി സിംഗ് 18 രാജ്യങ്ങളില്‍ മാത്രമേ യാത്ര ചെയ്തുള്ളൂ.
ബ്രസല്‍സ് യാത്രക്ക് ഒന്‍പതു മണിക്കൂറായിരുന്നു വേണ്ടത്. രാത്രി അവിടെ താമസിക്കുക, 31ന് രാവിലെ പ്രവാസി ഭാരതീയരെ കാണുകയെന്നതായിരുന്നു ആദ്യ പദ്ധതി. ഇത് വേണ്ടെന്നു വച്ചു. 30ന് രാത്രി 9ന് തന്നെ അവരുമായി സംവദിച്ചു. 31ന് ബ്രസല്‍സില്‍ ജോലി ദിവസമായിരുന്നു.
പ്രവാസി ഭാരതീയര്‍ അന്ന് അവധിയെടുത്ത് തന്റെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മോദി തീരുമാനിച്ചു. അതിനാല്‍ തലേന്ന് രാത്രിയില്‍ തന്നെ പരിപാടി നടത്തി. തുടര്‍ന്ന് രാത്രിതന്നെ അമേരിക്കയിലേക്ക് പത്തു മണിക്കൂര്‍ യാത്ര തുടങ്ങി. 31ന് രാവിലെ മോദി അമേരിക്കയില്‍ എത്തി. ഈ മുഴുവന്‍ സമയവും മോദി ഉറങ്ങുകയുമായിരുന്നില്ല. ഓരോ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ചു വരെ മോദി ആണവ ഉച്ചകോടിയിലുണ്ടായിരുന്നു. അവിടെ നിന്ന് നേരിട്ട് റിയാദിലേക്ക്. 12 മണിക്കൂര്‍ യാത്ര.
















