ന്യൂദല്‍ഹി: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വധശിക്ഷ വിധിച്ചതിനെതിരെ ആന്റണി സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി. മെയ് 2ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു.
വധശിക്ഷയ്‌ക്കെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജി 2010ല്‍ സുപ്രീംകോടതി തള്ളിയെങ്കിലും ആന്റണി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷയ്‌ക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അടുത്തമാസം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ തുറന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രോസിക്യൂഷന്‍ കേസ് പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും പ്രതിക്ക് സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം കിട്ടിയില്ലെന്നും ആന്റണിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. മോഷണ ശ്രമത്തിനിടെ 2001ല്‍ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയെന്നതാണ് ആന്റണിക്കെതിരായ കേസ്.
















