ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസും അസോഷിയേറ്റഡ് ജേര്‍ണല്‍സ് പ്രൈവറ്റ് ലിമിറ്റഡും തങ്ങളുടെ വരവു ചെലവു കണക്കുകള്‍ അടങ്ങിയ ബാലന്‍സ് ഷീറ്റ് ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചു.മുദ്രവച്ച കവറിലാണ് ഇവ സമര്‍പ്പിച്ചത്. കേസിലെ മറ്റു പ്രതികളായ സാം പിട്രോദ, സുമന്‍ ദുബെ എന്നിവര്‍ ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകും വരെ കവര്‍ പൊട്ടിക്കരുതെന്ന് അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന കോടതി അംഗീകരിച്ചു.
തുച്ഛമായ തുക മുടക്കി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ കോടികളുടെ സ്വത്ത് സോണിയയും രാഹുലും മറ്റേതാനും പേരും ചേര്‍ന്ന് തട്ടിയെടുത്തെന്നാരോപിച്ച് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസില്‍ ഏപ്രില്‍ എട്ടിന് കോണ്‍ഗ്രസും അസോഷിയേറ്റഡ് ജേര്‍ണലും തങ്ങളുടെ 2010 2011ലെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
സോണിയ, രാഹുല്‍, മോട്ടിലാല്‍ വോറ, ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോദ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച യംഗ് ഇന്ത്യ ലിമിറ്റഡിന്റെ പേരില്‍ അസോഷിയേറ്റഡ് ജേര്‍ണല്‍സിന്റെ ഉടസ്ഥതയിലുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡ് വാങ്ങിയെടുത്തുവെന്നും അങ്ങനെ 2000 കോടിയുടെ സ്വത്ത് ഇവര്‍ തന്ത്രപൂര്‍വ്വം തട്ടിയെടുത്തുവെന്നുമാണ് കേസ്.
















