ബെംഗളൂരു: കഴിഞ്ഞദിവസം പുറത്തുവന്ന പനാമ റിപ്പോര്‍ട്ടുകളില്‍ വിവാദ വ്യവസായി വിജയ് മല്യയ്‌ക്ക് വെര്‍ജിന്‍ ഐലന്‍ഡിലെ കമ്പനികളില്‍ പങ്കാളിത്തമുണ്ടെന്ന് റിപ്പോര്‍ട്ട്. ഐസിഐജെ വെബ്‌സൈറ്റുകളില്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ന്യൂ ഹോള്‍ഡിങ്‌സ് ലിമിറ്റഡെന്ന കമ്പനിയിലാണ് മല്ല്യക്ക് നിക്ഷേപ പങ്കാളിത്തമുള്ളത്.
2006 ഫെബ്രുവരി 15നാണ് കമ്പനിയുടെ പ്രവര്‍ത്തനം ബ്രിട്ടണ്‍ വെര്‍ജിന്‍ ഐലന്‍ഡില്‍ അരംഭിക്കുന്നത്.
മല്ല്യ വിവിധ ബാങ്കുകള്‍ക്കു നല്‍കാനുള്ള വായ്‌പ്പാ തുകയായ 9000ലും ഇരട്ടിയുണ്ടാകും തുകയെന്നാണ് കരുതുന്നത്. സൗത്ത് പസഫിക്ക് ദ്വീപിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മല്ല്യയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാതെ മറച്ചുവെയ്‌ക്കാന്‍ കമ്പനി അധികൃതര്‍ ശ്രമിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
കമ്പനികളുടെ ഷെയറുകളും മറ്റ് എല്ലാ രേഖകളും അതിനാല്‍ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം, യുകെ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിട്ടി(എഫ്‌സിഎ) മല്ല്യയ്‌ക്ക് ന്യൂ ഹോള്‍ഡിങ്‌സുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അന്വേഷണത്തില്‍ ഭാരതത്തിനു പുറത്ത് മല്ല്യയ്‌ക്ക് നിക്ഷേപങ്ങളുള്ളതായി കണ്ടെത്തിയിരുന്നു. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ഉള്‍പ്പടെ പ്രമുഖരായ ഭാരതീയരും പനാമയില്‍ നിക്ഷേപം നടത്തിയതിന്റെ വിവരങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്.
















