ന്യൂദല്‍ഹി: ക്രിക്കറ്റിനേക്കാള്‍ ജനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ക്രിക്കറ്റിനായി പാഴാക്കാന്‍ വെള്ളമില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു.
മല്‍സരത്തിന് മുമ്പ് പിച്ചുകള്‍ തയാറാക്കുന്നതിനും അവ പരിപാലിക്കുന്നതിനും വെള്ളം കളയാന്‍ സാധിക്കില്ല. കുടിക്കാന്‍ പോലും വെള്ളമില്ലാതെ സംസ്ഥാനം വരള്‍ച്ച നേരിടുന്നതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഐപിഎല്‍ മത്സരങ്ങള്‍ മാറ്റി വച്ചാലും കുഴപ്പമില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു.
വരള്‍ച്ച കണക്കിലെടുത്ത് മല്‍സരങ്ങള്‍ മഹാരാഷ്‌ട്രയില്‍ നിന്നു മാറ്റുന്ന കാര്യം പരിഗണിക്കാന്‍ കഴിഞ്ഞദിവസം ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മല്‍സരത്തിന് കോടതി അനുമതി നല്‍കിയിരുന്നു.
തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ടിക്കറ്റുകള്‍ വിറ്റുപോവുകയും ചെയ്തതിനാല്‍ മല്‍സരം മാറ്റിവയ്‌ക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്റെ വാദം പരിഗണിച്ചാണ് ജസ്റ്റിസുമാരായ വി.എം. കനാഡെ, എം.എസ്. കാര്‍നിക് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആദ്യമല്‍സരത്തിന് അനുമതി നല്‍കിയത്.
ഓരോ സ്റ്റേഡിയത്തിലും ഉപയോഗിക്കുന്ന ജലത്തിന്റെ സ്രോതസും അളവും വ്യക്തമാക്കി 12ന് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോടും മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനോടും കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മൈതാനം നനയ്‌ക്കാന്‍ ഉപയോഗിക്കുന്ന ജലം മനുഷ്യന് ഉപയോഗിക്കാവുന്നതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും വിശദീകരിക്കണം.
സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാകും മുംബൈ, പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളിലായി നിശ്ചയിച്ചിട്ടുള്ള ശേഷിക്കുന്ന മല്‍സരങ്ങള്‍ സംബന്ധിച്ച തീരുമാനം.
















