റോം: ഇറ്റാലിയന്‍ ക്ലബ് നെപ്പോളിയുടെ അര്‍ജന്റീന സൂപ്പര്‍ താരം ഗൊണ്‍സാലോ ഹിഗ്വെയിന് നാല് മത്സരങ്ങളില്‍ വിലക്ക്. വിലക്കിന് പുറമെ 16,000 പൗണ്ട് പിഴയും താരത്തിന് ലഭിക്കും. കഴിഞ്ഞ ദിവസം ഉഡിനീസുമായുള്ള മത്സരത്തില്‍ റഫറി ചുവപ്പുകാര്‍ഡ് കാണിച്ചതിനെതിരെ നടത്തിയ പ്രതിഷേധമാണ് നടപടിയിലേക്ക് നയിച്ചത്.
റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത ഹിഗ്വെയിന്‍ റഫറിയെ തള്ളിമാറ്റുകയും ചെയ്തു. ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സഹതാരങ്ങളോടും താരം കയര്‍ത്തു. ടീമിന്റെ പരിശീലക സഹായികളോടും കയര്‍ത്തുകൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ ഉഡിനീസിനോട് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് നെപ്പോളി തോറ്റു. ലീഗ് കിരീടത്തിന് യുവന്റസിനൊപ്പം പൊരുതുന്ന ടീമിന് കനത്ത തിരിച്ചടിയുമായി തോല്‍വി. ഏഴ് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഒന്നാം സ്ഥാനക്കാരായ യുവന്റസിന് ആറ് പോയിന്റ് പിന്നില്‍ നെപ്പോളി. സീസണില്‍ 30 ഗോളുകള്‍ അടിച്ചുകൂട്ടി ടോപ് സ്‌കോററാണ് ഹിെഗ്വയിന്‍.
ഹിഗ്വയിന്റെ അഭാവം വെറോണ, ഇന്റര്‍ മിലാന്‍, ബൊലോന, എ.എസ്. റോമ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ ടീമിന് കനത്ത തിരിച്ചടിയാകും.
















