ലക്‌നൗ: എന്‍ഐഎ ഉദ്യോഗസ്ഥന്‍ മുഹമ്മദ് തന്‍സില്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ ഭീകരരല്ലെന്ന് പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് കൊലപാതകി. ഇയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജ്നോര്‍ ജില്ലയില്‍ ഇദ്ദേഹത്തിന് സ്ഥല വില്‍പ്പന സംബന്ധിച്ച് മുനീര്‍ എന്നയാളുമായി ചിലപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായതായും സൂചനയുണ്ട്.
ഞായറാഴ്ച ഉത്തര്‍പ്രദേശിലെ ഷഹസ്പൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു മുഹമ്മദ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും വെടിയേറ്റിരുന്നു. സംഭവം സംബന്ധിച്ച് വിവിധ മേഖലകളിലായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് മൊറാദാബാദ് ഡിഐജി ഓംകാര്‍ സിങ് പറഞ്ഞു. മുഹമ്മദിന്റെ ഭാര്യ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ നോയിഡ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബൈക്കിലെത്തിയ രണ്ടുപേര്‍ മുഹമ്മദിന്റെ വാഗണര്‍ കാറിനുനേരെ വെടിവെയ്‌ക്കുകയായിരുന്നു. 20 ബുള്ളറ്റുകള്‍ കാറില്‍ പതിച്ചിരുന്നു. സ്ഥലമിടപാട് സംബന്ധിച്ച് മുഹമ്മദുമായി പ്രശ്‌നങ്ങളുണ്ടായിരുന്ന മുനീര്‍ ഇദ്ദേഹത്തെ വധിക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് സൂചന.
എന്‍ഐഎ ഉദ്യോഗസ്ഥന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത് മുനീറിന് അറിയാമായിരുന്നു. അതനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. വിവാഹ ചടങ്ങിന്റെ വീഡിയോയില്‍ നിന്നും കൊലപാതകികളെ തിരിച്ചറിയാന്‍ സാധിച്ചതായും പോലീസ് പറയുന്നു.
















