ഗാസിയാബാദ്: ബിഎസ്പി നേതാവും രാജ്യസഭ എംപിയുമായ നരേന്ദ്ര കശ്യപിന്റെ മരുമകള്‍ ഹിമാനി കശ്യപ് (27) ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്ര കശ്യപ് എംപി, ഭാര്യ ദേവേന്ദാരി ദേവി, മകന് സാഗര്‍ എന്നിവരെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. കശ്യപിന്റെ മൂത്തമകന് സാഗറിന്റെ ഭാര്യ ഹിമാനിയെ ബുധനാഴ്ച രാവിലെ സഞ്ജയ് നഗറിലെ വീട്ടിലെ ബാത്ത്റൂമിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധന പീഡനക്കേസിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. മകന് സാഗറിന്റെ അറസ്റ്റിനെത്തുടര്‍ന്ന് നെഞ്ച് വേദനയുമായി ബുധനാഴ്ച രാത്രി കശ്യപിനെയും ഭാര്യയെയും ഗാസിയാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുസംഘം ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാണ് ഐസിസിയു വാര്‍ഡില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. ഹിമാനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇവരുടെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തതായി ഗാസിയാബാദ് എസ്പി സല്മാന് താജ് പറഞ്ഞു.
കവിനഗര്‍ പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ എംപിയ്ക്കും ഭാര്യയ്ക്കും മകന് ഡോക്ടര്‍ കൂടിയായ സാഗര്‍, പെണ്മക്കളായ ശോഭ, സരിത, ഇളയമകന് സിദ്ധാര്‍ഥ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീധന മരണത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എംപിയുടെ അറസ്റ്റ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് രാജ്യസഭാ ചെയര്മാന് നല്‍കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് വിമല്‍ ശര്‍മ്മ പറഞ്ഞു.
ഹിമാനി വെടിയേറ്റ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കശ്യപിന്റ കുടുംബാംഗങ്ങളുടെ വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട.് ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. സാഗറിന്റെ ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്. തോക്ക് വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കശ്യപിന്റെ സുഹൃത്തും ബിഎസ്പി മുന്‍മന്ത്രിയുമായ ഹിരാലാല്‍ കശ്യപിന്റെ മകളാണ് ഹിമാനി, 2013 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഒന്നര വയസ്സുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. ഹിമാനിയുടെ മരണത്തെത്തുടര്‍ന്ന് ഗാസിയാബാദിലെത്തിയ ഹിരാലാല്‍ കശ്യപ് സ്ത്രീധനത്തിനായി മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഢിപ്പിക്കാറുള്ളതായി ആരോപിച്ചു.
കാറും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് മകള്‍ പരാതി പറയാറുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. വീട്ടിലേക്ക് തിരികെ വരാന്‍ മകള്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇവരുടെ ഏകമകളാണ് ഹിമാനി.
















