കൊല്‍ക്കത്ത: 26പേരുടെ മരണത്തിനിടയാക്കിയ കൊല്‍ക്കത്തയിലെ ഫ്ളൈയോവര്‍ ദുരന്തത്തില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഐവിആര്‍സിഎല്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് റാണാജിത്ത് ഭട്ടാചാര്യയെയാണ് കഴിഞ്ഞദിവസം രാത്രി കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.
ഭട്ടാചാര്യയെ കൂടാതെ എട്ട് പേര്‍കൂടി അറസ്റ്റിലായിട്ടുണ്ട്. ഐവിആര്‍സിഎല്‍ ഓപ്പറേഷന് ഡയറക്ടര്‍ ഗോപാല്‍ കൃഷ്ണസ്വാമി, പ്രോജക്ട് വിലയിരുത്തല്‍ സെല്ലിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.കെ. രത്നം, അസിസ്റ്റന്റ് മാനേജര്‍ ദെബ്ജ്യോതി മഞ്ജുദര്, സ്ട്രക്ച്ചര്‍ മാനേജര്‍ പ്രദീപ് കുമാര്‍ ഷാ, പ്രോജക്ട് മാനേജര്‍ താന്മോയ് സില്, സീനിയര്‍ എന്‍ജിനിയര്‍മാരായ ശ്യാമംലാല് മന്ന, ബിദ്യുത് മന്ന എന്നിവരാണ് അറസ്റ്റിലായത്.
ഭട്ടാചാര്യ ജോലി ചെയ്തിരുന്ന തെക്കന്‍ കൊല്‍ക്കത്തയിലെ ഐവിആര്സിഎല്ലിന്റെ ഓഫീസിലും പോലീസ് പരിശോധന നടത്തി. മാര്‍ച്ച് 31ലെ അപകടത്തിന് ശേഷം ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ ആയിരുന്നു ഭട്ടാചാര്യ. ആശുപത്രി വിട്ടയുടനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം, കൊലപാതകശ്രമം, ഗുഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: