ന്യൂദല്‍ഹി: കോണ്‍ഗ്രസ് വന്‍തോതിലുള്ള അഴിമതിയാണ് ആസാമില്‍ നടത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 1,80,000 കോടിയുടെ ക്രമക്കേടുകളാണ് സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഴിമതിയുടെ പര്യായമായി കോണ്‍ഗ്രസ് മാറിയതായും ഗഡ്കരി പറഞ്ഞു. ആസാമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ദേശീയ പാതകളുടെ വികസനത്തിനും നിര്‍മ്മാണത്തിനുമായി നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളുന്നത്.
എന്നാല്‍ ഇവയെല്ലാം കൈമാറണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന് അഴിമതി നടത്തുവാന്‍ വേണ്ടിയാണ് ഇവയെല്ലാം ആവശ്യപ്പെടുന്നതെന്നാണ് മനസിലാകുന്നത്.
യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നുപ്പോള് ടൂജി, കല്‍ക്കരി കുംഭകോണം എന്നിവയിലൂടെ ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടത്തിയിരുന്നത്. എന്നാല്‍ അഴിമതി ഒരിക്കലും ബിജെപി അനുവദിക്കില്ല. അഴിമതി മുക്ത സര്‍ക്കാരാണ് കേന്ദ്രത്തിലേത്. കരാറുകളും നിര്‍മ്മാണങ്ങളുമെല്ലാം ഇ-ടെന്‍ഡര്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
എന്നാല്‍ ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസിന് വലിയ താത്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആസാമില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സത്യസന്ധനായ സര്‍ബാനന്ദ സോണോവാള്‍ മുഖ്യമന്ത്രിയാകുമെന്നും അതോടെ സംസ്ഥാനം വികസനത്തിലേക്ക് കുതിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
















