ന്യൂദല്‍ഹി: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമില്ലെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. സമയമെടുത്ത് എല്ലാ കാര്യങ്ങളും ആലോചിച്ച ശേഷമേ തീരുമാനമെടുക്കു. ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ വേണ്ട ശേഷിയുണ്ടെന്ന് ഉറപ്പുണ്ടെങ്കിലേ ചുമതല ഏറ്റെടുക്കൂയെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യന്‍ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായ ദ്രാവിഡ് നിലവില്‍ ഐപിഎല്‍ ടീം ദല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേഷ്ടാവുമാണ്.
പരിശീലകനെന്ന നിലയില്‍ 100 ശതമാനം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പു തോന്നണം. ദേശീയ ടീമിന് വേണ്ടത്ര സമയം നല്‍കാന്‍ കഴിയുമെന്നതും പരിഗണിക്കണം. മത്സരഫലം അനുകൂലമാകുമോ ഇല്ലയോ എന്നത് പ്രശ്‌നമല്ല. പരിശീലന രംഗത്ത് താന്‍ തുടക്കക്കാരനാണ്. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ വെസ്റ്റിന്‍ഡീസിനോടേറ്റ തോല്‍വിയില്‍ നിന്ന് ഏറെ പാഠങ്ങള്‍ പഠിച്ചെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി.
ഡങ്കന്‍ ഫ്‌ളെച്ചറുടെ കാലാവധി അവസാനിച്ച ശേഷം ദേശീയ ടീം പരിശീലകനായി പുതിയൊരാളെ ബിസിസിഐ നിയോഗിച്ചിരുന്നില്ല. ടീം ഡയറക്ടര്‍ എന്ന നിലയില്‍ രവി ശാസ്ത്രിയായിരുന്നു പരിശീലന ചുമതലയും വഹിച്ചിരുന്നത്. രവി ശാസ്ത്രിയുടെ കരാര്‍ ട്വന്റി 20 ലോകകപ്പോടെ അവസാനിച്ചു. അതോടെയാണ് ദ്രാവിഡിലേക്ക് ബിസിസിഐയുടെ കണ്ണെത്തിയത്.
















