ന്യൂദല്‍ഹി: കേരളത്തിലെ തെരുവുനായ ശല്യം സംബന്ധിച്ച പഠനം നടത്തുന്നതിനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റവര്‍ക്ക് അടിയന്തിര ധനസഹായമായി 40,000 രൂപ വീതം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കേരളാ ഹൈക്കോടതി മുന്‍ ജസ്റ്റിസ് സിരിജഗന്, സംസ്ഥാന ആരോഗ്യ സെക്രട്ടറി, നിയമസെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് തെരുവുനായ ശല്യത്തെപ്പറ്റി അന്വേഷിക്കുക. മൂന്നുമാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ശിവകീര്‍ത്തി സിങ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങളും സമിതി പരിശോധിക്കും. കോട്ടയം അയര്‍ക്കുന്നം സ്വദേശിയായ ജോസ് സെബാസ്റ്റിയന് നല്കിയ ഹര്‍ജിയിലാണ് സമിതിയെ പ്രഖ്യാപിച്ച് കോടതി ഉത്തരവിറക്കിയത്.
ജോസിന്റെ ഭാര്യ ഡോളി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തെരുവുനായയുടെ കടിയേറ്റ് മരിച്ചിരുന്നു. എന്നാല്‍ തെരുവുനായ ശല്യത്തെപ്പറ്റി പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ മറ്റു സമിതികള്‍ വേണ്ടെന്നുമുള്ള കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
















