കണ്ണൂര്‍: പാച്ചേനിയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു. പ്രതിഷേധവുമായി ലീഗും രംഗത്ത്. പാച്ചേനിക്കും സുധാകരനുമെതിരെ നഗരത്തില്‍ വ്യാപക പോസ്റ്റര്‍. നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ അനിശ്ചിതമായി നീളുന്നതിനിടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും കെപി സിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാച്ചേനിയുടെ കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മുസ്ലിം ലീഗിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ലീഗ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ എ കോണ്‍ഗ്രസ് നേതാവ് പാച്ചേനിയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായാണ് ലീഗിന്റെ പേരിലുള്ള പോസ്റ്ററുകള്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം, കാല്‍ടെക്‌സ്, താവക്കര, കളക്ടറേറ്റ് പരിസരം എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്.
കണ്ണൂര്‍ താണയിലാണ് സുധാകരനെതിരെ ബാനര്‍ കെട്ടിയിരിക്കുന്നത്. എ.—പി. അബ്ദുള്ളക്കുട്ടി എം. എല്‍. എയുടെ ചിത്രത്തോടു കൂടിയുള്ള ബാനറില്‍ ജയിക്കാനായി ജനിച്ചവനെ മാറ്റി തോല്‍ക്കാനായി ജനിച്ചവനെ എന്തിനു വേണ്ടി ? സുധാകരാ.—.—. എന്ന വാചകങ്ങളാണു ബാനറിലുള്ളത്. കണ്ണൂര്‍സിറ്റി, ടൗണ്‍, തോട്ടട തുടങ്ങിയ കേന്ദ്രങ്ങളിലാണ് കോണ്‍ഗ്രസ് രക്ഷകര്‍ എന്ന പേരില്‍ ബാനര്‍ എഴുതിയിരിക്കുന്നത്.
അതേ സമയം സ്ഥാനാര്‍ത്ഥി എന്നനിലയില്‍ എ ഗ്രൂപ്പുകാരനായ സതീശന്‍ പാച്ചേനി കോണ്‍ഗ്രസിനും യുഡിഎഫിനും സ്വീകാര്യനാണെങ്കിലും അവസാന നിമിഷം കളം മാറി നേടിയ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ്സിനകത്തും പോര് മുറുകുകയാണ്. ഇന്നലെവരെ എ ഗ്രൂപ്പിന്റെ താല്‍പ്പര്യത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ച ആളെ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് ഒരു വിഭാഗം ഐ ഗ്രൂപ്പുകാര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ പാച്ചേനിയെ ഐ ഗ്രൂപ്പിലെത്തിച്ച് സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ എ ഗ്രൂപ്പിന്റെ കഥ കഴിക്കാന്‍ കഴിഞ്ഞുവെന്ന ന്യായമാണ് സുധാകര വിഭാഗത്തില്‍ പലര്‍ക്കുമുള്ളത്.
പാച്ചേനി ഐ ഗ്രൂപ്പില്‍ എത്തിയതില്‍ എ വിഭാഗത്തിന് വലിയ നിരാശയുണ്ടെങ്കിലും ഇവരില്‍ പലരും പാച്ചേനിയെ കുറ്റപ്പെടുത്തുന്നില്ല. പാച്ചേനിക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാനുള്ള അടവു നയമായി ഇതിനെ കണ്ടാല്‍മതിയെന്നാണ് അവര്‍ പറയുന്നത്. പാച്ചേനിക്ക് ഇന്നലെ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഡി.സി.സി ഓഫീസില്‍ സ്വീകരണം നല്‍കി.
സുധാകരന്‍ പകരം സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേര് പരിഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ലെന്ന് വന്നപ്പോഴാണ് പാച്ചേനിയെ ഐ ഗ്രൂപ്പിലെത്തിച്ച് അവസാന കളിക്കിറങ്ങിയത്. അബ്ദുള്ളക്കുട്ടിതന്നെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന ഘട്ടത്തിലാണ് സുധാകരന്‍ അവസാന ആയുധം പ്രയോഗിച്ചത്. ഇക്കാര്യത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ സുധീരന്റെ ഉപദേശവുമുണ്ട്.
അബ്ദുള്ളക്കുട്ടി കണ്ണൂരില്‍തന്നെ മത്സരിക്കണമെന്ന് വിശാല ഐ ഗ്രൂപ്പില്‍ ശക്തമായി വാദിച്ചത് കെ.—സി.—വേണുഗോപാലാണ്. ചെന്നിത്തലയുമായി ഏറ്റവും അടുത്ത ബന്ധമാണ് വേണുഗോപാലിന്. എന്നാല്‍ അബ്ദുള്ളക്കുട്ടിയെ തലശേരിക്ക് മാറ്റുന്ന കാര്യം മാറ്റാരെയും അറിയിക്കാതെ നടത്തിയതില്‍ വേണുഗോപാല്‍ ശക്തമായി പ്രതിഷേധിച്ചതായാണ് വിവരം. വിശാല ഐ ഗ്രൂപ്പിനകത്തെഭിന്നസ്വരമാണ് ഇത് വ്യക്തമാക്കുന്നത്.
എന്തായാലും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കോണ്‍ഗ്രസ്സിലെ പോര് വോട്ടെടുപ്പിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയാകുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
















