ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിഖ്യാത വനിതാ ഫുട്‌ബോള്‍ താരം അബ്ബി വാംബാക്ക് അറസ്റ്റില്‍. മദ്യപിച്ച് കാറോടിച്ചതിനെ തുടര്‍ന്നാണ് വാംബാക്കിനെ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ വച്ച് പോലീസ് പിടികൂടിയത്. സിഗ്‌നല്‍ ലൈറ്റില്‍ നിര്‍ത്താതെ പോവുകയായിരുന്ന വാംബാക്കിനെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മദ്യപിച്ച വിവരം മനസ്സിലായത്.
വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞ വാംബാക്കിനെ മള്‍ട്ട്‌നൊമ കൗണ്ടി ജയിലിലേയ്‌ക്ക് അയച്ചെങ്കിലും പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. താന്‍ ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്ന് ഫേസ്ബുക്കിലൂടെ പറഞ്ഞ വാംബാക്ക് ആരാധകരോടും കുടുംബാംഗങ്ങളോടും മാപ്പപേക്ഷിക്കുകയും ചെയ്തു.
ലോകത്തില്‍ ഏറ്റവും അധികം ഗോള്‍ നേടിയ വനിതാ താരമായ വാംബാക്കിനെ 2012ല്‍ ഏറ്റവും മികച്ച വനിതാ ഫുട്‌ബോള്‍ താരമായി ഫിഫ തിരഞ്ഞെടുത്തിരുന്നു. 255 മത്സരങ്ങളില്‍ നിന്ന് 184 ഗോളുകളാണ് വാംബാക്ക് നേടിയത്.
2015-ല്‍ അമേരിക്കയ്‌ക്ക് വനിതാ ലോകകപ്പും 2008ലും 2012ലും ഒളിമ്പിക് സ്വര്‍ണവും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 35 കാരിയായ വാംബാക്ക് ഇക്കഴിഞ്ഞ ഡിസംബറിലാണ് അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.
















