ന്യൂദല്‍ഹി: ഐഐടി മദ്രാസ് രാജ്യത്തെ മികച്ച എഞ്ചിനീയറിങ് കോളേജെന്ന് സര്‍വ്വേ. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനുവേണ്ടി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റാങ്കിങ് ഫ്രെയിംവര്‍ക്കാണ് സര്‍വ്വേ തയ്യാറാക്കിയത്. ഐഐടി മുംബൈ, ഐഐടി ഖരഗ്പൂര്‍ എന്നിവയാണ് രണ്ടും മുന്നും സ്ഥാനത്ത്. ഇന്നലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
മികച്ച മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഐഐഎം ബാംഗ്ലൂരാണ് ഒന്നാം സ്ഥാനത്ത്. ഐഐഎം ആഹമ്മദാബാദ്, ഐഐഎം കല്‍ക്കട്ട എന്നിവയാണ് രണ്ടും മുന്നും സ്ഥാനം നേടിയത്. മികച്ച സര്‍വ്വകലാശാലകളുടെ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തെത്തിയത് ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ബാംഗ്ലൂര്‍ ആണ്. മുംബൈയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയാണ് രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. അതേസമയം വിവാദങ്ങള്‍ക്കിടയിലും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും ഹൈദരാബാദ് സര്‍വ്വകലാശാലയും ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യഥാക്രമം മൂന്നും നാലും സ്ഥാനം നേടിയാണ് രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
അധ്യാപന പാടവം, പഠനനിലവാരം, പഠനേതരപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടേയും അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. രാജ്യത്തെ മികച്ച 3500 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നാണ് ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ ബ്യൂറോ ഓഫ് അക്രിഡേഷന്റെ സഹായത്തോടെയാണ് സര്‍വ്വേ നടത്തിയത്.
















