ന്യൂദല്‍ഹി: സംസ്‌കൃത കോഴ്‌സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം എല്ലാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) കള്‍ക്കും കത്ത് നല്‍കി. ഇതിനായി ഐഐടികളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണം. മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമിയുടെ നേതൃത്വത്തിള്ള വിദഗ്ധ പാനലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.
നിതി ആയോഗ് അംഗം ബിബേക് ദെബ്‌റോയി, യോഗ ഗുരു എച്ച്. ആര്‍. നാഗേന്ദ്ര, യുജിസി ചെയര്‍മാന്‍ വേദ് പ്രകാശ് എന്നിവരടങ്ങിയതാണ് വിദഗ്ധ പാനല്‍. സംസ്‌കൃതത്തിന്റെ വളര്‍ച്ചയ്‌ക്ക് പത്ത് വര്‍ഷത്തെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ഐഐടികള്‍, എന്‍ഐടികള്‍, ഐഐഎസ്ഇആറുകള്‍, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ സംസ്‌കൃത സെല്ലുകള്‍ ആരംഭിക്കുവാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക വിഷയങ്ങള്‍ക്കൊപ്പം സംസ്‌കൃത സാഹിത്യവും പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. അഥര്‍വ്വ വേദം, വൈശേഷിക ദര്‍ശനം എന്നിവ പഠിക്കാനും അവസരമൊരുങ്ങും. ശാസ്ത്രീയ രംഗത്തുള്ള നിരവധി വിഷയങ്ങള്‍ സംസ്‌കൃതത്തിലുണ്ട്.
വൃക്ഷായുര്‍വ്വേദം, ഉപവന വിനോദ, മായാമദം തുടങ്ങി നിരവധി ശാസ്ത്ര പ്രസക്തമായ ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തിലുണ്ട്. ബോംബെ ഐഐടിയില്‍ ഭാരതീയ ശാസ്ത സാങ്കേതിക വിദ്യകള്‍ സംസ്‌കൃതത്തില്‍ എന്ന ഒരു സെല്ലുണ്ടെന്ന് ഡയറക്ടര്‍ ദേവാങ് ഖേല്‍ക്കര്‍ പറഞ്ഞു. ഗാന്ധിനഗര്‍ ഐഐടിയില്‍ സംസ്‌കൃത്തിലെ ശാസ്ത്ര സാങ്കേതിക സാഹിത്യ മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള കോഴ്‌സുകളുണ്ട്. ഐഐടി മദ്രാസില്‍ സംസ്‌കൃത കോഴ്‌സുകളുണ്ടെന്ന് ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി പറഞ്ഞു.
















