റിയാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജാവ് ഖാലിദ് എ അല ഫാലിഹുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദവും സഹകരണവും ഏറെ മെച്ചപ്പെടുത്തുന്ന ധാരണകള്‍ ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി ചര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തി.
മോദിയുടെ സൗദിയാത്ര ഏറെ ശ്രദ്ധേയമായി. ലോക രാഷ്‌ട്രങ്ങള്‍ ഇത്തവണ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെ കണ്ടത് സൗദി യാത്രയാണ്. ഏഴു മാസത്തിനിടെ രണ്ടാം തവണയാണ് മോദി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. മോദി കേരളത്തിലെ ചേരമാന്‍ പെരുമാള്‍ പള്ളിയുടെ മാതൃക സൗദി രാജാവിന് സമ്മാനിച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും പുറമേ മോദി ഭാരതവംശജരുമായി നടത്തിയ കൂടിക്കാഴ്ചയും അവരുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതും അവരുമായി സൗഹാര്‍ദ്ദം പങ്കുവെച്ചതും മാധ്യമ ശ്രദ്ധ നേടി.
മോദി സൗദി സന്ദര്‍ശനത്തെക്കുറിച്ച് ട്വിറ്ററില്‍ ഇങ്ങനെ എഴുതി: കഴിഞ്ഞ സന്ധ്യയിലെ, ശനിയാഴ്ച, സംവാദങ്ങള്‍-ഇവിടെ കഠിനാധ്വാനം ചെയ്യുന്നവരുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വാക്കുകള്‍കൊണ്ട് എത്രപറഞ്ഞാലും അത് അത്ര നീതിപൂര്‍ണമാകില്ല.
സൗദി അധികൃതരും മറ്റുമായി ഭാരതത്തിലെ നിക്ഷേപ സാധ്യതയെക്കുറിച്ചു ചര്‍ച്ച ചെയ്തു. സൗദി നിക്ഷേപകര്‍ ഭാരതത്തിലേക്കു വരാന്‍ തയ്യാര്‍. അവര്‍ ദീര്‍ഘകാല- ഹ്രസ്വകാല നിക്ഷേപത്തിന് ഒരുക്കമാണ്. അവര്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ഉണ്ടക്കുന്നതിനും മെഡിക്കല്‍ ടൂറിസത്തിനും ഭാരതത്തില്‍ വലിയ സാധ്യതകളാണെന്ന് വിശദീകരിച്ചു.
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് റിയാദില്‍ ആരംഭിച്ച ആള്‍ വിമന്‍ ഐടി കേന്ദ്രം സൗദി അറേബ്യയുടെ യശസ്സാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സൗദി അറേബ്യ സന്ദര്‍ശനത്തിലെ രണ്ടാംദിനം ടിസിഎസ് കേന്ദ്രത്തിലെത്തിയ മോദി പറഞ്ഞു: സൗദിയുടെ യശസ്സായി മാറിയ ഐടി പ്രൊഫഷണലുകളെയാണ് ഞാന്‍ കാണുന്നത്. ഞാനിവിടെ കാണുന്ന കാഴ്ചയും അന്തരീക്ഷവും ലോകത്തിനുള്ള ഉജ്ജ്വല മറുപടിയാണ്.
കേന്ദ്രത്തിന്റെ കവാടത്തില്‍ ജീവനക്കാര്‍ മോദിക്ക് ജയ് വിളിച്ച് സ്വാഗതമോതി. അവര്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിക്കിത്തിരക്കി. മോദി അവര്‍ക്കൊപ്പം ഏറെ സമയം ചെലവഴിച്ചു. കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച കേന്ദ്രത്തില്‍ അന്ന് 80 ജീവനക്കാര്‍ ആയിരുന്നത് ഇപ്പോള്‍ 1,000 ആയി. അവരില്‍ 89 ശതമാനം പേരും സൗദി വനിതകള്‍.സൗദിയില്‍ ആദ്യമായി ആരംഭിച്ച ബിപിഒ കമ്പനിയാണിത്.
റിയാദില്‍ അദ്ദേഹം എല്‍ ആന്‍ഡ് ടി കമ്പനിയിലെ ജീവനക്കാരുമായി സൗഹാര്‍ദ്ദം പങ്കുവെക്കാന്‍ ഏറെ സമയം ചെലവഴിച്ചു. അവരുടെ തൊഴില്‍-ജീവല്‍ പ്രശ്‌നങ്ങള്‍ കേട്ടുമനസിലാക്കിയ മോദി അവര്‍ക്കൊപ്പം ലഘുഭക്ഷണം കഴിക്കാനും മറന്നില്ല. ഒരു പ്രധാനമന്ത്രി ഇങ്ങനെയൊക്കെ സര്‍വ സാധാരണനാകുന്നത് അത്ഭുതവും ആദരവും ഉണ്ടാക്കിയെന്ന് പലരും അവരുടെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതി. മലയാളികളും ബംഗാൡകളും കൂടുതലുള്ള തൊഴില്‍ ക്യാമ്പിടങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ പേര്‍ മോദിയെ കാണാനെത്തിയത്.
ഒരു മലയാളി ഇങ്ങനെ എഴുതി: അവിടെ കൂടിയവര്‍ ബിജെപിക്കാരായിരുന്നില്ല. അവര്‍ ഭാരതീയരായിരുന്നു. പലരും ആഹ്ലാദത്താല്‍ തുള്ളിച്ചാടി. അഭിമാനത്തിന്റെ നിമിഷമായിരുന്നു അത്. അടിമകളെ പോലെ കഴിയുന്ന ഞങ്ങള്‍ക്ക് ഒരു അധികാരിയുണ്ടെന്നു ഞങ്ങളെയും സൗദി അധികൃതരേയും ബോധ്യപ്പെടുത്തിയ മോദിജീ അങ്ങേക്കു നന്ദി.
ഒരാള്‍ ഇങ്ങനെ പറഞ്ഞു: സൗദിയില്‍ പൊതു പരിപാടികള്‍ അന്യനാട്ടുകാര്‍ക്ക് അനുവദനീയമല്ല. അല്ലെങ്കില്‍ മോദിയുടെ ഒരു പരിപാടിവെച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ കാണാന്‍ ഒരുലക്ഷം പേര്‍ മറ്റെല്ലാം മാറ്റിവെച്ച് എത്തിയേനെ. ഒരു ശരിയായ ഭരണാധികാരിയാണ് മോദി.
മോദി തന്റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. അവര്‍ക്കു പറയാനുള്ളതു കേട്ടു.
മോദിയുടെ ട്വീറ്റിനുള്ള മറുപടിക്കുറിപ്പുകളില്‍ ഒന്ന് ഇങ്ങനെ: താങ്കളാണ്ജനങ്ങളുടെ യഥാര്‍ത്ഥ നേതാവ് സര്‍. ഞങ്ങള്‍ അങ്ങേക്കു പിന്നില്‍ ഒരു കോണ്‍ക്രീറ്റു മതില്‍പോലെ ഉറച്ചു നില്‍ക്കും.
















