നിയമത്പൂര്‍ (പശ്ചിമ ബംഗാള്‍): ഇടതുപക്ഷ നേതാക്കള്‍ക്കൊപ്പം തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യമുണ്ടെന്നും മുന്നണി അധികാരത്തില്‍ വരുമെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ വിശ്വാസം പ്രകടിപ്പിച്ചു. മുന്‍ സംസ്ഥാന മന്ത്രിയും മുന്‍ എംപിയുമായ സിപിഎം നേതാവ് ബങ്‌സാ ഗോപാല്‍ ചൗധരി നിയമത്പൂര്‍ വേദിയില്‍ രാഹുലിനൊപ്പം പങ്കെടുത്തു.
മമതാ ബാനര്‍ജി ഏകാധിപത്യം നടപ്പിലാക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്-ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോടു ചോദിച്ചു, എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്. അവര്‍ പറഞ്ഞു, ഏകാധിപതിയായ മമതയെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷവുമായി കോണ്‍ഗ്രസ് ചേരണമെന്ന്. ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് അതാണു വേണ്ടതെങ്കില്‍ അങ്ങനെ ചെയ്യൂ എന്ന്. അവര്‍ അതു ചെയ്തു. ഇപ്പോള്‍ ഇടതുപക്ഷവുമായി ഒന്നിച്ചു നില്‍ക്കുന്നു. സഖ്യം ചേര്‍ന്നിരിക്കുന്നു, രാഹുല്‍ ഗാന്ധി വിശദീകരിച്ചു. അഞ്ചുവര്‍ഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മമതയ്‌ക്ക് പിന്തുണ കൊടുത്തു. അവര്‍ ഏകാധിപത്യ ഭരണം തുടങ്ങി.
രാഹുലിന്റെ പ്രചാരണ റാലിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരും വന്‍തോതില്‍ പങ്കെടുത്തു. പ്രവര്‍ത്തകരുടെ പങ്കാളിത്തത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍ പറഞ്ഞു. ബംഗാളില്‍ സഖ്യകക്ഷി ഭരണം അധികാരത്തിലേറാന്‍ നാട്ടുകാരോടു വോട്ടു ചോദിക്കാന്‍ രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.
















