ന്യൂദല്‍ഹി: ജീവന്‍ രക്ഷിക്കുക സംരക്ഷിക്കുക എന്നതാണ് സൈന്യത്തിന്റെ ഉത്തരവാദിത്തം, അത് മനുഷ്യന്റെ ആയാലും നായയുടെ ആയാലും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദന്തേവാദയില്‍ നടന്ന കുഴിബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഏഴ് സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. അവര്‍ കൊല്ലപ്പെട്ടതാകട്ടെ തങ്ങളുടെ പ്രിയപ്പെട്ട നായയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയും.
വനത്തിനുള്ളിലെ ചൂട് കാറ്റുമൂലം നിര്‍ജ്ജലീകരണമുണ്ടായി അവശനിലയിലായ നായയെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് അപകടം പിണഞ്ഞത്. വിദഗ്‌ദ്ധപരിശീലനം നേടിയ ബെല്‍ജിയന്‍ മെലിനോയ്‌സ് ഇനത്തില്‍പ്പെട്ട നായാണിത്. സ്‌ഫോടനത്തില്‍ വാഹനം ചിന്നിച്ചിതറി. മാവോയിസ്റ്റ് ഭീകരസാന്നിദ്ധ്യമുള്ള പ്രദേശമായതിനാല്‍ തിരിച്ചറിയാതിരിക്കുന്നതിനായി സൈനിക അടയാളങ്ങള്‍ ഇല്ലാതെയാണ് ഇവര്‍ യാത്ര ചെയ്തത്. വാഹനത്തിലും ഒരുതരത്തിലുള്ള സൈനികാടയാളങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
കഴിഞ്ഞ വര്‍ഷം സിആര്‍പിഎഫിന് വേണ്ടി ഏറ്റവും കൂടുതല്‍ കുഴിബോംബ് കണ്ടുപിടിച്ച നായയായതിനാല്‍ സൈന്യത്തിന്റെ പ്രത്യേക വാത്സല്യവും ഇതിനോടുണ്ടായിരുന്നു. ചൂട് കാറ്റുമൂലം ഏഴു ദിവസമായി അവശനിലയിലായിരുന്നു നായ. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കൂളറും വാഹനത്തിലുണ്ടായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് മാവോ സാന്നിദ്ധ്യമുള്ള പ്രദേശത്തുകൂടി പോകുന്നത് സൂക്ഷിക്കണമെന്ന് ഉയര്‍ന്ന അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം അവഗണിച്ചാണ് സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ സൈന്യം ശ്രമിച്ചത്.
















