മുംബൈ: നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് നടിയുടെ കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. രാഹുല്‍ രാജുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയം.
കാമുകന്‍ രാഹുല്‍ രാജുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുന്‍ കാമുകന്‍ മകരന്ദ് മല്‍ഹോത്ര എന്ന വ്യവസായിയുമായി പ്രത്യൂക്ഷയ്‌ക്കുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്.
മുംബൈയിലെ വസതിയില്‍ മരിച്ചുകിടക്കുന്നതായി പരമ്പരയില്‍ ഒപ്പം അഭിനയിക്കുന്ന സുഹൃത്ത് സിദ്ധാര്‍ഥ് ശുക്ലയാണ് പോലീസില്‍ അറിയിച്ചത്. ബാലിക വധു എന്ന പ്രശസ്തമായ ടെലിവിഷന്‍ പരമ്പരയിലെ ആനന്ദിയെന്ന കഥാപാത്രത്തിലൂടെയാണ് യുവനടി സീരിയല്‍രംഗം കീഴടക്കിയത്. പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന ഏതാനും ടെലിവിഷന്‍ പരമ്പരകളിലും പരിപാടികളിലും പ്രത്യുഷ പങ്കെടുത്തുവരുകയായിരുന്നു. ഹം ഹെ നാ ആണ് ഒടുവില്‍ പങ്കെടുത്ത കലാപരിപാടി.
അതേസമയം പ്രത്യുഷ ബാനര്‍ജിയുടെ മരണത്തിന് കാരണം കാമുകനായ രാഹുല്‍ രാജ് സിംഗാണെന്ന് നടിയുടെ അമ്മ സോമ ബാനര്‍ജി ആരോപിച്ചു. കഴിഞ്ഞ ജനുവരിയില്‍ പ്രത്യുഷയെ തന്റെ കൂടെ മാലാദിലേക്ക് കൊണ്ടുപോകുകയാണെന്ന് പറയുകയും തന്നോട് നാട്ടിലേക്ക് പോകാന്‍ രാഹുല്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് പ്രത്യുഷ അച്ഛനെ വിളിച്ച് താന്‍ പ്രതിസന്ധിയിലാണെന്ന് അറിയിച്ചിരുന്നു.
പിന്നീട് തന്നെ വിളിച്ചപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രത്യുഷയുടെ മാതാവ് ആരോപിച്ചു. ഇതിനിടെ രാഹുല്‍ പ്രത്യുഷയെ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നാരോപിച്ച് സുഹൃത്തുക്കളും രംഗത്തെത്തി.
പ്രത്യുഷാ ബാനര്‍ജി തന്റെ ആത്മഹത്യയുടെ സൂചനകള്‍ നല്‍കി വാട്‌സ്ആപ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് മാറ്റിയിരുന്നു. വെള്ളിയാഴ്‌ച്ചയാണ് താരം തന്റെ സ്റ്റാറ്റസ് മാറ്റിയത്. മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല. ഒരു സ്‌മൈലി ചിഹ്നത്തോടെ ഈ വാക്കുകളാണ് അവസാനത്തെ വാട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യുഷ ബാനര്‍ജി എഴുതിവെച്ചിരുന്നത്.
ആത്മഹത്യ ചെയ്തത്. രാവിലെ മുംബൈയിലെ വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
















