ന്യൂദല്‍ഹി: നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ ചാള്‍സ് ശോഭരാജ് ദല്‍ഹിയില്‍ അറസ്റ്റില്‍. മുന്‍ അഭിഭാഷകനായ ധനി രാം മിത്തല്‍(77) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ദല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി വാഹന മോഷണങ്ങളും ക്രിമിനല്‍ കുറ്റങ്ങളുമടക്കം 125ല്‍ ഏറെ കേസുകളാണുള്ളത്.
രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ മിത്തല്‍ പട്യാല ഹൗസ് കോടതിയിലും ദല്‍ഹി, റോത്തക് എന്നിവിടങ്ങളിലെ പ്രാദേശിക കോടതികളിലും പ്രാക്ടീസ് ചെയ്തിരുന്നു. റോത്തകില്‍ നിന്നു ബിരുദം സമ്പാദിച്ച മിത്തല്‍ വ്യാജരേഖ ചമച്ച് റെയില്‍വേയില്‍ ജോലി നേടിയിരുന്നു.
ഹരിയാനയിലെ ഝാജ്ജര്‍ ജില്ലാ മജിസ്‌ട്രേറ്റായി ആള്‍മാറാട്ടം നടത്തിയ ഇയാള്‍ 2,740ഓളം പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചതായി ദല്‍ഹി പോലീസ് ഓഫീസര്‍ അറിയിച്ചു.
1964ല്‍ വ്യാജരേഖ നിര്‍മിക്കുന്നതിനിടെയാണ് ആദ്യമായി ഇയാള്‍ പോലീസ് പിടിയിലാകുന്നത്. വ്യാജ ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ പേപ്പറുകളും റോത്തകിലെ ആര്‍ടിഒ കേന്ദ്രീകരിച്ച് ഇയാള്‍ നിര്‍മിച്ചിരുന്നു.
















