അമ്പലപ്പുഴ:”കണ്ണന്റെ തിരുനടയില്‍ നാടകശാല സദ്യയ്‌ക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. പള്ളിവേട്ട ദിനമായ ഇന്നലെ ഉച്ചയ്‌ക്ക് ഐതീഹ്യ പെരുമയുണര്‍ത്തി നാടകശാല സദ്യ നടന്നു.
51 വിഭവങ്ങളായിരുന്നു തൂശനിലയില്‍ വിളമ്പിയത്. രാവിലെ മുതല്‍ ആയിരങ്ങളാണ് സദ്യയില്‍ പങ്കെടുക്കാന്‍ ഒരുങ്ങി നിന്നത്. വഞ്ചിപ്പാട്ടുകാര്‍ക്കും വാദ്യമേളക്കാര്‍ക്കുമായിരുന്നു ആദ്യഭക്ഷണം.
ആലപ്പുഴ ഡിവൈഎസ്പി ഡി. മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സദ്യയ്‌ക്കുശേഷം വഞ്ചിപ്പാട്ടുസംഘം വഞ്ചിപ്പാട്ടുപാടി പടിഞ്ഞാറേ നടയിലെ പുത്തന്‍കുളത്തെത്തി.
ഇവിടെ നിന്ന് തിരികെ ക്ഷേത്രത്തിലെത്തിയ സംഘത്തെ ദേവസ്വം അധികൃതരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വാഴക്കുലയും പണവും നല്‍കി സ്വീകരിച്ചു. നാടകശാല സദ്യ കാണാനെത്തിയ ഭക്തര്‍ക്കും ഇന്നലെ സദ്യ നല്‍കി. ആറാട്ടോടെ ഉത്സവം ഇന്ന് സമാപിക്കും.
















