മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സീസണിനൊടുവില്‍ തീരുമാനമാകുമെന്നും വാര്‍ത്തകള്‍ വന്നു. അതൊന്നും തള്ളാനോ കൊള്ളാനോ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം തയാറായിട്ടില്ല. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരം താരം സ്‌പെയ്‌നിനോട് വിട പറയുമെന്ന അഭ്യൂഹം ശക്തമാക്കി. റയലില്‍ ചേര്‍ന്നപ്പോള്‍ മാഡ്രിഡില്‍ വാങ്ങിയ വീട് താരം വില്‍ക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. സ്പാനിഷ് മാധ്യമങ്ങളാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടത്.
ഏഴ് കിടപ്പുമുറി, ഒന്‍പത് കുളിമുറി, ഒരു ഗസ്റ്റ് ഹൗസ്, ജിം എന്നിവയെല്ലാമടങ്ങിയ കൊട്ടാരസദൃശ്യമായ വീടാണ് മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് സ്വന്തമായുള്ളത്. താരത്തിന്റെ അമ്മയുടെ പേരില്‍ മാഡ്രിഡിലുള്ള വില്ലയും വില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട്. തന്റെ പഴയ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍.
ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രംപ് ടവറില്‍ ക്രിസ്റ്റ്യാനോ അടുത്തിടെ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് മാഡ്രിഡിലെ വില്ലകള്‍ വില്‍ക്കുന്നതെന്ന മറുവാദവും ഉയരുന്നു. എന്തായാലും ഇതേക്കുറിച്ചൊന്നും പരസ്യ പ്രതികരണത്തിന് താരം തയാറായിട്ടില്ല.
















