ധാക്ക: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനില്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതില്‍ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ച ബംഗ്ലാദേശ് താരം മുഷ്ഫിഖര്‍ റഹിം ഒടുവില്‍ മാപ്പുപറഞ്ഞ് തടിയൂരി. വിവാദ പോസ്റ്റുകളും ട്വീറ്റുകളും ഡിലീറ്റ് ചെയ്ത ശേഷമായിരുന്നു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഷ്ഫിഖര്‍ ഖേദം പ്രകടിപ്പിച്ചത്.
നേരത്തെ മുഷ്ഫിഖറിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണ് സന്തോഷം…!!! ഹ ഹ ഹ…!! ഇന്ത്യ സെമിയില്‍ തോറ്റിരിക്കുന്നു.. ഇതായിരുന്നു ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ മുഷ്ഫിഖുര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മല്‍സരശേഷമുള്ള ഇന്ത്യന്‍ നായകന്‍ ധോണിയുടെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ ആരാധകരില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് മുഷ്ഫിഖറിന്റെ പോസ്റ്റ് ക്ഷണിച്ചുവരുത്തിയത്. ഇതോടെയാണ് പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മുഷ്ഫിഖര്‍ ഖേദപ്രകടനവുമായി രംഗത്ത് വന്നത്. എല്ലാവരോടും മാപ്പ് പറയുന്നു…. ഞാനൊരു കടുത്ത വെസ്റ്റ് ഇന്‍ഡീസ് ആരാധകനായതിനാലാണ് ഇത് സംഭവിച്ചത്. ഞാന്‍ നടത്തിയ കടുത്ത പ്രയോഗങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു…. മുഷ്ഫിഖര്‍ ട്വീറ്ററില്‍ കുറിച്ചു.
















