പത്തനംതിട്ട: കടപ്രയില്‍ ആര്‍എസ്എസ് ശാഖകഴിഞ്ഞ് അമ്പലപ്പറമ്പില്‍ നില്‍ക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎമ്മുകാരെ കോടതി ശിക്ഷിച്ചു. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കടപ്ര മാന്നാര്‍ മുറി മന്നത്ത് വീട്ടില്‍ രമേശ്(40), കരിമ്പില്‍ വീട്ടില്‍ പ്രദീപ്(41), ഐക്കരത്തറ വീട്ടില്‍ അജേഷ് (38) പനന്താനത്ത് വീട്ടില്‍ രാജേഷ്(42) കൊല്ലന്പറമ്പില് സജി(37) എന്നിവര്‍ക്കാണ് കഠിനതടവിനും പന്തീരായിരം രൂപാ വീതം പിഴയുമൊടുക്കാന്‍ പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ്(കോടതി 3) ജഡ്ജി പി.ഷേര്‍ലി ദത്ത് ഉത്തരവിട്ടത്. 2004 ജനുവരി 3 ന് രാത്രി 8.30 ഓടെ കടപ്ര മഹാലക്ഷ്മിനട അമ്പലത്തിന്റെ അങ്കണത്തിലാണ് കേസിനാസ്പദമായ സംഭവം. ശാഖയില്‍ പങ്കെടുത്ത ശേഷം ക്ഷേത്രാങ്കണത്തില്‍ നിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ കടപ്ര മാന്നാര്‍ സ്വാമതി ഭവനില്‍ സജില്‍ പി.നായര്‍, സഹോദരന് സനൂപ്, മണിപ്പുഴയില്‍ റെനീഷ് രാജ്, എന്നിവരെയാണ് പ്രതികള്‍ വടിവാള്‍ കമ്പിവടി തുടങ്ങിയ മാരകായുധങ്ങളുമായി വെട്ടിയും അടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് ആറു പ്രതികള്‍ക്കെതിരേ പുളിക്കീഴ് പോലീസ് കേസെടുത്തിരുന്നു. വിചാരണയ്ക്കിടയില്‍ നാലാം പ്രതിയായ കാവിലേത്ത് കോളനിയില്‍ സജീഷ്(45) മരണമടഞ്ഞിരുന്നു. അക്രമണത്തില്‍ സജിന്‍ പി.നായരുടെ വലതു കൈയുടെ ചെറുവിരല്‍ അറ്റുപോകുകയും ഇടതു തുടയില്‍ മാരകമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികള്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ തകര്‍ത്തു.
വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് 12000 രൂപാ വീതം പിഴയും മൂന്നുവര്‍ഷം തടവുമാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയൊടുക്കുന്ന തുകയില്‍ നിന്ന് 25000 രൂപാ സജിന്‍ പി.നായര്‍ക്കും, 10000 രൂപാ സനൂപിനും നഷ്ടപരിഹാരമായി നല്‍കാനും വിധിയില്‍ പറയുന്നു. പുളിക്കീഴ് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന എം.ജി.സോമന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 14 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 17 രേഖകള്‍ ബോധിപ്പിച്ചിരുന്നുയ.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.എ ഹന്‍സലാഹ് മുഹമ്മദ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: