ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആദ്യ വനിതാ മുഖ്യമന്ത്രിയായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി നാലിന് അധികാരമേല്‍ക്കും. ബി.ജെ.പി നിയമസഭാകക്ഷി നേതാവായ നിര്‍മല്‍ സിംഗ് ഉപമുഖ്യമന്ത്രി ആവും. മുഫ്തി മുഹമ്മദ് സെയ്ദിന്റെ മന്ത്രിസഭയിലും നിര്‍മല്‍ സിംഗ് ആയിരുന്നു ഉപമുഖ്യമന്ത്രി.
മൂന്നു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബിജെപി-പി.ഡി.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായത്. മുഖ്യമന്ത്രിയായിരുന്ന മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ജനുവരി ആദ്യം മരിച്ചതോടെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെഹബൂബയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നേരത്തേയുള്ള പൊതുമിനിമം പരിപാടിയുമായി മുന്നോട്ടു പോകാന്‍ ധാരണയായതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങുകയായിരുന്നു.
തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് മെഹബൂബ. അവര്‍ക്ക് ഇനി നിയമസഭയിലേക്കോ ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ലോക്‌സഭാംഗത്വം രാജിവയ്‌ക്കുകയും വേണം.
87 അംഗ നിയമസഭയില്‍ പി.ഡി.പിക്ക് 27 അംഗങ്ങളാണുണ്ടായിരുന്നത്. മുഫ്തിയുടെ മരണത്തോടെ ഒരാള്‍ കുറഞ്ഞു. ബിജെപിക്ക് 25 പേരുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സിന് 15 പേരും കോണ്‍ഗ്രസിന് 12 പേരുമുണ്ട്. മറ്റുള്ളവര്‍ ഏഴും.
















