ന്യൂദല്‍ഹി: ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തി ചെലവു കുറയ്‌ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് ചെലവു വര്‍ദ്ധിക്കുന്നതും സമയം പാഴാകുന്നതും കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
ബിജെപി ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു മോദി ഈ ആശയം മുന്നോട്ടുവച്ചത്. ഇവ ഒന്നിച്ചു നടത്തിയാല്‍ ചെലവ് വന്‍തോതില്‍ കുറയ്‌ക്കാന്‍ കഴിയും. അങ്ങനെ ലാഭിക്കുന്ന പണം കൂടി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടാം.മോദി പറഞ്ഞു. പെരുമാറ്റച്ചട്ടം കാരണം വികസന പ്രവര്‍ത്തനങ്ങളെല്ലാം തടസപ്പെടുന്ന അവസ്ഥയുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തന വേഗതയെയും ബാധിക്കുകയാണ്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ പണവും സമയവും ലാഭിക്കാം. ബജറ്റ് സമ്മേളനത്തിനു മുന്‍പു നടന്ന സര്‍വ്വകക്ഷി യോഗത്തിലും മോദി ഈ ആശയം മുന്നോട്ടുവച്ചിരുന്നു.
2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഈ ആവശ്യം ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.വര്‍ദ്ധിക്കുന്ന തെരഞ്ഞെടുപ്പ് ചെലവിനെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും മുന്‍പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2015 ഡിസംബറില്‍ പേഴ്‌സണല്‍, പൊതുപരാതി, നിയമം, നീതിന്യായം എന്നിവ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും തെരഞ്ഞെടുപ്പ് ചെലവും സമയും കുറയ്‌ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് ഒഴിവാക്കിയാല്‍ ഭരണയന്ത്രത്തിനും ജനങ്ങള്‍ക്കും ആശ്വാസമാകുമെന്നും സമിതി പറയുന്നു.ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ശരാശരി 4500 കോടി രൂപയാണ് ചെലവുവരുന്നത്.
















