1
കളമശേരി: പെരിയാറില്‍ അപകടമരണങ്ങളും മലിനീകരണവും വര്‍ദ്ധിക്കുമ്പോഴും ഏലൂര്‍ പോലീസ് സ്‌റ്റേഷനിലെ നിരീക്ഷണ ബോട്ട് ഒരു വര്‍ഷമായി കട്ടപ്പുറത്താണ്. പെരിയാറില്‍ നിരീക്ഷണം നടത്താനും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി അനുവദിച്ച ബോട്ടാണ് ഉപയോഗശൂന്യമായിരിക്കുന്നത്.
പെരിയാറില്‍ നിരവധി ജീവനുകള്‍ പൊലിയുമ്പോഴും പോലീസ് സേനയെ സജ്ജമാക്കുന്നതിന് പകരം ഉള്ളവ ഇല്ലാതാക്കുകയാണെന്നാണ് ആക്ഷേപം. ഏതാനും ദിവസം മുമ്പ് പെരിയാറില്‍ പത്തൊമ്പതുകാരന്‍ മുങ്ങി മരിച്ചപ്പോഴും ഏലൂര്‍ പോലീസ് സംഘത്തിനും നോക്കിനില്‍ക്കുക മാത്രമായിരുന്നു. ഉപയോഗ ശൂന്യമാകുന്നതിന് മുമ്പ് ബോട്ട് വെള്ളത്തില്‍ ഇറക്കുന്നതും അപൂര്‍വ്വമായിരുന്നു. ഇന്ധനം നിറയ്‌ക്കുന്നതിനും തുക അനുവദിച്ചിരുന്നില്ല.
നൂറു കണക്കിന് വ്യവസായ ശാലകള്‍ പെരിയാറിലേയ്‌ക്ക് മാലിന്യം തള്ളുന്നത് പരിഗണിച്ച് ഏലൂര്‍ പോലീസ് സ്‌റ്റേഷന് മറ്റൊരു ബോട്ട് അനുവധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം കേടായ ബോട്ട് ഫോര്‍ട്ട് കൊച്ചിയിലേക്ക് തിരികെ നല്‍കാനാണ് നിര്‍ദ്ദേശമെന്ന് ഏലൂര്‍ പോലീസ് പറഞ്ഞു.
സമാന അവസ്ഥയില്‍ തന്നെയാണ് ഏലൂരിലെ ഫയര്‍ഫോഴ്‌സിനും. നീന്തല്‍ വിദഗ്‌ദ്ധനായി ഒരു ഫയര്‍മാന്‍ മാത്രമേ ഇവിടെയുള്ളൂ. ആഴത്തിലുള്ള തെരച്ചില്‍ നടത്താന്‍ കല്ലേറ്റുംകരയില്‍ നിന്നുള്ള സംഘത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെയാണ് സ്‌കൂബ ഡൈവ് സംഘം ഉള്ളത്.
















