വാഷിംഗ്ടണ്‍: ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണില്‍ എത്തി. 53 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണ് രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ബെല്‍ജിയത്തിലെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി വാഷിംഗ്ടണില്‍ എത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചിട്ടില്ലെങ്കിലും ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കും. ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്‍ കേ അടക്കമുള്ള നേതാക്കളുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്. ശാസ്ത്രജ്ഞരുമായും മോദി ചര്‍ച്ച നടത്തും. വൈറ്റ് ഹൗസിലൊരുക്കുന്ന അത്താഴവിരുന്നില്‍ മോദി പങ്കെടുക്കും.
ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയാകും നാലാമത് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച വിഷയം. നാലു രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സൗദി അറേബ്യയിലേക്കു പോകും.
















