മിയാമി: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. വനിതാ വിഭാഗത്തില്‍ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ, അഞ്ചാം സിമോണ ഹാലപ്പിനെ അട്ടിമറിച്ച് 19-ാം സീഡ് സ്വിസ് സുന്ദരി ടിമേയ ബാസ്‌ക്‌നിസ്‌കി എന്നിവര്‍ സെമിയിലെത്തി.
പുരുഷ വിഭാഗത്തില്‍ ആസ്ടിയയുടെ 14-ാം സീഡ് ഡൊമിനിക് തിയമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ ദ്യോക്കോ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. സ്‌കോര്‍ 6-3, 6-4. ചെക്ക് റിപ്പബ്ലിക്കിന്റെ ഏഴാം സീഡ് തോമസ് ബെര്‍ഡിച്ചാണ് ക്വാര്‍ട്ടറില്‍ ദ്യോക്കോയുടെ എതിരാളി.കഴിഞ്ഞ രണ്ട് തവണയും ഇവിടെ കിരീടം നേടിയ ജോക്കോവിച്ച് ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്.
പത്താം സീഡ് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌കറ്റ്‌സിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് ബര്‍ഡിച്ച് അവസാന എട്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-4, 3-6, 7-5. നിഷികോരി, ഗെയ്ല്‍ മോണ്‍ഫില്‍സ്, മിലോസ് റാവോനിക്ക്, നിക്ക് കിര്‍ഗിയോസ് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ റഷ്യന്‍ സുന്ദരി സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവ നാട്ടുകാരിയായ ഏകത്രീന മകരോവയെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-7 (3-7), 6-4, 6-3. 19-ാം സീഡും സ്വിസ് സുന്ദരിയുമായ ടിമേയ 4-6, 6-3, 6-2 എന്ന ക്രമത്തില്‍ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് അഞ്ചാം സീഡ് റുമാനിയയുടെ ഹാലപ്പിനെ അട്ടിമറിച്ചത്. സെമിയില്‍ കുസ്‌നെറ്റ്‌സോവയാണ് ടിമേയുടെ എതിരാളി.
















