രാമപുരം: യമനില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിയുടെ മോചനം ദ്രുതഗതിയിലാക്കാന്‍ പരിശ്രമിക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ്. താനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി മോചന ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഫാ. ടോമിന്റെ രാമപുരത്തുള്ള വസതിയില്‍ എത്തി പ്രാര്‍ത്ഥന ശുശ്രൂഷയില്‍ പങ്കെടുത്തശേഷം കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജെ. ജോണ്‍ പുതിയിടത്തുചാലില്‍, മാത്യു അബ്രഹാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത രാജു, കുടുംബയോഗം പ്രതിനിധികളായ തോമസ് ഉഴുന്നാലി, വി.എ. ജോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഫാദര്‍ ടോം ഉഴുന്നാലിയുടെ മോചനത്തിനായി യമന്‍ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മോചനത്തിനായി ശ്രമങ്ങള്‍ നടന്നുവരുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിപ്പു ലഭിച്ചതായി രാമപുരം ഫെറോനാ പള്ളി വികാരി റവ. ഡോ. ജോര്‍ജ്ജ് ഞാറക്കുന്നേല്‍ അറിയിച്ചു.
















