മുംബൈ: മുംബൈയില്‍ മൂന്നു സ്ഥലങ്ങളിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 10 പ്രതികള്‍ കുറ്റക്കാരെന്ന് ഭീകര വിരുദ്ധ കോടതി (പോട്ട കോടതി) വിധിച്ചു. അവര്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2002 ഡിസംബറിനും 2003 മാര്‍ച്ചിനും ഇടയ്ക്കായിരുന്നു സ്ഫോടനങ്ങള്‍. ഇവയില്‍ പതിമൂന്നു പേരാണ് മരിച്ചത്. 139 പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രത്യേക കോടതി ജഡ്ജി പി.ആര്. ദേശ്മുഖാണ് കേസ് പരിഗണിച്ചത്.
സിമി മുന്‍ ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചന്, പാക്കിസ്ഥാന് പൗരനും ലഷ്കര്‍ ഇ തോയ്ബ ഭീകരനുമായ ഫൈസല്‍ ഖാന് എന്നിവരാണ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരെന്ന് കോടതി കണ്ടെത്തി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന നദീം പലോബ, ഹാരുണ്‍ ലോഹര്‍, അഡ്നന് മൊല്ല എന്നിവരെ മതിയായ തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് വെറുതെ വിട്ടു. 25 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ ഏഴുപേര്‍ ഒളിവിലാണ്. കൂടാതെ ഫൈസല്‍ ഖാന് ഉള്‍പ്പെടെ അഞ്ചു പേര് മരിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, കൊലപാതകങ്ങള്‍ നടത്തുക, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി കോടതി കണ്ടെത്തിയിട്ടുണ്ട്.
2002 ഡിസം. ആറിന് മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ മക്ഡൊണാള്‍ഡ് റസ്റ്റോറന്റിലും 2003 ജനുവരി 27ന് പാര്‍ലെ റെയില്‍വെ സ്റ്റേഷനു പുറത്തും മാര്‍ച്ച് 13ന് മുളുന്ത് റെയില്‍വെ സ്റ്റേഷനിലത്തെിയ സിഎസ്ടി- കര്‍ജത്ത് ഇലക്ട്രിക്ക് ട്രെയിനിലെ വനിതാ കമ്പാര്ട്ടുമെന്റിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. സിമിയും ലഷ്കര്‍ ഇ തോയ്ബയുമാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സാഖിബ് നാച്ചനാണ് സിമി ഭീകരരുടെ സഹായത്തോടെ ആള്‍ക്കാരെയും ആയുധങ്ങളും സംഘടിപ്പിച്ചത്. ഡോ. വാഹിദ് അന്‍സാരിയാണ് ബോംബു നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ഒളിവില്‍ കഴിയുന്ന ജനാബുമായി ചേര്‍ന്ന് മറ്റൊരു പ്രതി മുസമ്മില്‍ അക്തര്‍ അന്‍സാരിയാണ് ബോംബുകള്‍ വച്ചത്.
















