ലഖ്നൗ: ആര്‍എസ്എസിനെക്കുറിച്ച് ചിലര്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണകളാണെന്ന് ആഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ വനിതാ ബോര്‍ഡ്. ഇന്നലെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിച്ച മുസ്ലിം പേഴ്സണല്‍ ലോ വനിതാ ബോര്‍ഡ് അഖിലേന്ത്യാ അദ്ധ്യക്ഷ ഷൈസ്ത അംബര്‍ ആര്‍എസ്എസ് ഹിന്ദുത്വവും ഹിന്ദുരാഷ്ട്രത്തെക്കുറിച്ചും മാത്രം പറയുന്നവരല്ലെന്ന് വിശദീകരിച്ചു.
ആര്‍എസ്എസ് ഹിന്ദുരാഷ്ട്രത്തെക്കുറിച്ചു മാത്രം പറയുന്നവരല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. മുസ്ലിങ്ങളോട് ആ സംഘടനയ്ക്കുള്ള നിലപാടിനെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡോ. മോഹന്‍ഭാഗവത് കൂടിക്കാഴ്ചയ്ക്കു സമ്മതിയ്ക്കുമോ എന്നു പോലും ഞാന്‍ സംശയിച്ചിരുന്നു. എന്നാല്‍ അതൊക്കെ അബദ്ധ ധാരണകളായിരുന്നുവെന്ന് ഇപ്പോള്‍ മനസിലായി. മറ്റുള്ളവര്‍ പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്നതും മുസ്ലിം സമൂഹത്തിന് ആ പ്രസ്ഥാനത്തോട് എതിര്പ്പുണ്ടാക്കുന്നതുമായ കാര്യങ്ങളായിരുന്നു, ഷൈസ്ത അംബര്‍ പറഞ്ഞു.
അതേ സമയം, പ്രസിദ്ധിക്കുവേണ്ടി സേവനം ചെയ്യുന്നത് ആര്‍എസ്എസ് രീതിയല്ലെന്ന് സര് സംഘചാലക് പറഞ്ഞു. സമൂഹ സേവനമാണ് ആര്‍എസ്എസ് പദ്ധതി. സമൂഹത്തില്‍ ദുരവസ്ഥകള്‍ നിലനില്‍ക്കുന്നിടത്തോളം ആ സേവനങ്ങള്‍ തുടരും. നിസ്സ്വാര്‍ത്ഥമാണ് സംഘ പ്രവര്‍ത്തനം, അദ്ദേഹം പറഞ്ഞു.
















