അമ്പലവയല്‍ : അമ്പലവയല്‍ ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളിയില്‍ കവര്‍ച്ച. പള്ളിക്കകത്തെ നേര്‍ച്ചപ്പെട്ടിയിലും പള്ളി വികാരിയുടെ മുറിയിലും സൂക്ഷിച്ചിരുന്നതുമായ ഏകദേശം 95000 രൂപയോളം മോഷണം പോയതായാണ് പരാതി. കഴിഞ്ഞ രാത്രിയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. പള്ളിയുടെ പിറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് പള്ളിക്കകത്ത് കടന്നത്.പള്ളി വികാരി ഫാ ലിയോ സ്ഥലത്തില്ലായിരുന്ന സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ കപ്യാര് ഡിയോ പൊട്ടങ്കല്‍ പള്ളിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അമ്പലവയല്‍ എസ്ഐ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാളവിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. ഇതേ സമയം പൊലീസ് നായയെ വഴിതെറ്റിക്കാനും ഒപ്പം തെളിവ് നശിപ്പിക്കാനുമായി പള്ളിക്ക് ചുറ്റും മുളക് പൊടി വിതറിയിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. മുമ്പ് പ്രദേശത്തെ ദേവാലയങ്ങളുടെ കുരിശടിയിലുള്ള നേര്ച്ചപ്പെട്ടികള് കുത്തി തുറന്ന് മോഷണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: