മിയാമി: ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് മിയാമി ഒാപ്പണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍. മൂന്നാം റൗണ്ടില്‍ പോര്‍ച്ചുഗീസ് താരം ജൊവൊ സൗസയെ 6-4, 6-1 എന്ന ക്രമത്തില്‍ നേരിട്ടു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നൊവാക്കിന്റെ കുതിപ്പ്. ആസ്ട്രിയയുടെ 14-ാം സീഡ് ഡൊമിനിക് തിയെം ആണ് അടുത്ത റൗണ്ടില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി. മൂന്നാം റൗണ്ടില്‍ ജപ്പാന്‍ താരം യൊഷിഹിതോ നിഷിയോക്കയെ 6-2, 6-2 എന്ന സ്‌കോറിന് കീഴടക്കിയാണ് ആസ്ട്രിയന്‍ താരം പ്രീ ക്വാര്‍ട്ടറിലെത്തിയത്.
ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച്, പത്താം സീഡ് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്‌ക്കറ്റ്, 15-ാം സീഡ് ബല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍, 18-ാം സീഡ് ഫ്രാന്‍സിന്റെ ഗില്ലസ് സിമോണ്‍ തുടങ്ങിയവരും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. അതേസമയം എട്ടാം സീഡ് ഡേവിഡ് ഫെറര്‍ മൂന്നാം റൗണ്ടില്‍ പുറത്തായി.
വനിതാ വിഭാഗത്തില്‍ നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് കെര്‍ബറും ഇന്ത്യന്‍വെല്‍സ് ജേത്രി വിക്ടോറിയ അസരെങ്കയും പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ടാം സീഡും ജര്‍മ്മന്‍ താരവുമായ ജര്‍മ്മനിയുടെ കെര്‍ബര്‍ മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നെതര്‍ലന്‍ഡ് താരം കികി ബെര്‍ട്ടന്‍സിനെ പരാജയപ്പെടുത്തിയത്. 1-6, 6-2, 3-0ന് മുന്നിട്ട് നില്‍ക്കുമ്പോള്‍ എതിരാളി ബെര്‍ട്ടന്‍സ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. എട്ടാം സീഡ് അസരങ്ക പോളണ്ടിന്റെ മാഗ്ദ ലിനെറ്റിനെ 6-3, 6-0 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി.
















