കൊച്ചി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് ഇന്ന് അവസാന മത്സരം. തുര്‍ക്ക്‌മെനിസ്ഥാനാണ് എതിരാളികള്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ആറിന് കിക്കോഫ്.
ഗ്രൂപ്പ് ഡിയില്‍ ഏഴ് മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ട് മൂന്ന് പോയിന്റുമായി ഏറ്റവും പിന്നിലാണ് ഇന്ത്യ. തുര്‍ക്ക്‌മെനിസ്ഥാന്‍ ഏഴ് കളികളില്‍ മൂന്ന് ജയവും ഒരു സമനിലയും മൂന്ന് പരാജയവുമടക്കം 10 പോയിന്റുമായി മൂന്നാമത്. ഇരുടീമുകളും ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അടുത്ത ഘട്ടത്തില്‍ പ്രവേശിക്കാതെ പുറത്തായതിനാല്‍ ഇന്നത്തെ മത്സരത്തിന് പ്രസക്തി കുറവാണ്. കഴിഞ്ഞ ദിവസം ടെഹ്‌റാനില്‍ നടന്ന ഏഴാം മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഇറാനോട് പരാജയപ്പെട്ടിരുന്നു.
ഈ ഗ്രൂപ്പില്‍ നിന്ന് ഇറാനും ഒമാനും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഏഴ് കളികളില്‍നിന്ന് 14 പോയന്റുമായി ഇറാനാണ് ഗ്രൂപ്പില്‍ മുന്നില്‍. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളായാണ് രണ്ടാം റൗണ്ടിലെ മത്സരങ്ങള്‍. ഗ്രൂപ് ചാമ്പ്യന്‍മാര്‍ക്കുപുറമേ നാല് മികച്ച രണ്ടാം സ്ഥാനക്കാര്‍ക്കും ആഗസ്റ്റില്‍ തുടങ്ങുന്ന മൂന്നാംറൗണ്ടിലേക്ക് യോഗ്യത ലഭിക്കും. മൂന്നാംറൗണ്ടിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും.
യോഗ്യതാ റൗണ്ടില്‍ ഗുവാമിനെതിരെ മാത്രമാണ് ഇന്ത്യ വിജയം നേടിയത്. കഴിഞ്ഞ നവംബര്‍ 12ന് ഗുവാമിനെതിരെ ബെംഗളൂരുവില്‍ 1-0ന്റെ വിജയം. കഴിഞ്ഞ വര്‍ഷം ഒകേ്ടാബറില്‍ നടന്ന ആദ്യപാദത്തില്‍ തുര്‍ക്‌മെനിസ്ഥാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ കീഴടങ്ങി.
അതേസമയം ഇന്ത്യ പരിക്കിന്റെ പിടിയിലാണ്. പരിക്കേറ്റ് സുനില്‍ ഛേത്രി വളരെ വേഗം സുഖം പ്രാപിക്കുന്നുണ്ടെങ്കിലും ഇന്ന് കളിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഉറപ്പുപറയാന്‍ ദേശീയ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ തയ്യാറായില്ല.
കാല്‍മുട്ടിന് പരിക്കേറ്റ റോബിന്‍ സിങിനെപ്പോലെയുള്ള പരിചയ സമ്പന്നരുടെ അഭാവവുമുണ്ട്. എങ്കിലും മികച്ച ടീമായിരിക്കും കളത്തിലിറങ്ങുക. ഇന്ത്യക്കു വേണ്ടി സ്വന്തം നാട്ടില്‍ കളിക്കുന്നതില്‍ കൂടുതല്‍ ഒരു പ്രചോദനവും മത്സരത്തിനായി നല്‍കേണ്ടതില്ല. ഗ്രൂപ്പില്‍ ഒരു മാറ്റവും മത്സരം വരുത്തില്ലായിരിക്കാം. എങ്കിലും മികച്ച കളി പുറത്തെടുക്കും. ഇറാനെതിരെയും മികച്ച കളി കാഴ്ചവെച്ചു. എന്നാല്‍ ഇറാന്‍ അതിശക്തരാണ്.
ഇറാന്‍ ലീഗില്‍ പോലും ശക്തമായ മത്സരങ്ങളാണ് നടക്കുന്നത്. അത്തരമൊരൂ ടീമിനെതിരെയാണ് ഇന്ത്യ തോറ്റത്. എങ്കിലും മികച്ച മത്സരത്തിനാകും ടീം ഇറങ്ങുക. തുര്‍ക്ക്‌മെനിസ്ഥാന്‍ മികച്ച സംഘമാണ്. ഫിഫ റാങ്കില്‍ 113-ാം സ്ഥാനത്താണ് തുര്‍ക്ക്‌മെനിസ്ഥാന്‍. മികച്ച മത്സരം കളിച്ച് ജയിക്കുക എന്നതാണ് ലക്ഷ്യം, കോണ്‍സ്റ്റന്റൈന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ കോച്ചിനൊപ്പം ഇന്ത്യന്‍ താരങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കഠിന പരിശീലനം നടത്തി.
അതേ സമയം ഇന്ത്യ മികച്ച ടീമാണെന്നും ഒരുപാട് മികച്ച താരങ്ങള്‍ ടീമിലുണ്ടെന്നും തുര്‍ക്ക്‌മെനിസ്ഥാന്‍ കോച്ച് അമാന്‍ജിലിച്ച് കൊച്യുമോവ്.
മികച്ച ടീമുകള്‍ അടങ്ങിയ ഗ്രൂപ്പില്‍ തുര്‍ക്‌മെനിസ്ഥാന്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. യുവ നിരയ്‌ക്കും അനുഭവ സമ്പത്തിനും ഒരേ പ്രാധാന്യം നല്‍കുന്ന ഞങ്ങളുടെ ടീമിന്റെ ശരാശരി പ്രായം 26 വയസാണ്. ഇന്ത്യക്കെതിരെ ആദ്യപാദത്തിലെന്നപോലെ വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും കോച്ച് കൂട്ടിച്ചേത്തു.
ഫിഫ മാനദണ്ഡ പ്രകാരം ചെയര്‍ സീറ്റുകളിലേക്ക് മാത്രമായിരിക്കും ഇത്തവണ കാണികള്‍ക്കുള്ള പ്രവേശം. 22,000 ചെയര്‍ സീറ്റുകളാണ് സേ്റ്റഡിയത്തിലുള്ളത്.
















