കല്‍പ്പറ്റ : കഴിഞ്ഞ 25ന് വൈകീട്ട് ദേശീയപാത 212ല്‍ പൊന്‍കുഴിക്ക് സമീപം പിടിയാനയേയും കുഞ്ഞിനേയും കാര്‍ യാത്രക്കാരായ യുവാക്കള്‍ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട കേസ് ദുര്‍ബലമാക്കാന്‍ നീക്കം നടക്കുന്നതായി വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പ്രതികളുടെ അറസ്റ്റ് വൈകുന്നത് ഇതിന്റെ ഭാഗമാണെന്ന് സമിതി കുറ്റപ്പെടുത്തി.
വഴിയോരത്തുനിന്ന കാട്ടാനകളെ കാര്‍നിര്‍ത്തി പുറത്തിറങ്ങി യുവാക്കള്‍ കല്ലെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വനം-വന്യജീവി വകുപ്പിനു ലഭിച്ചതാണ്. സംഭവത്തില്‍ കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റുചെയ്യാനും കാര്‍ കസ്റ്റഡിയിലെടുക്കാനും വനം-വന്യജീവി വകുപ്പ് തയാറാകുന്നില്ല. യുവാക്കള്‍ കാട്ടാനകളെ കല്ലെറിയുന്നതു സംബന്ധിച്ച് ചാനലുകളിലും പത്രങ്ങളിലും ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത വന്നതാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ പലരും യുവാക്കളെ തിരിച്ചറിഞ്ഞു. എന്നിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന വനം ഉദ്യോഗസ്ഥരുടെ നിലപാട് ബാലിശമാണ്.
രാഷ്ട്രീയ സമ്മര്‍ദങ്ങളാണ് പ്രതികളെ പിടികൂടുന്നതിനു യഥാര്‍ഥ തടസ്സം. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളേയും അറസ്റ്റുചെയ്യാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം-സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. തോമസ് അമ്പലവയല്‍, ശൈലേന്ദ്രബാബു, ബാബു മൈലമ്പാടി, പി.എം.സുരേഷ്, ഗോപാലകൃഷ്ണന് മൂലങ്കാവ്, ഇ.ഗംഗാധരന്, ബഷീര്‍ നായ്ക്കെട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: