പനയം: തൃപ്പനയം ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ വിളംബരമറിയിച്ച് നടന്ന വിളക്കറിയിപ്പ് ഘോഷയാത്ര ഭക്തിസാന്ദ്രമായി. രാവിലെ ആറുമണിയോടെ ദേവിയുടെ പ്രതിരൂപമായ വിളക്കുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട വിളക്കറിയിപ്പ് സംഘം പന്ത്രണ്ട് കരകളില്‍ പ്രദക്ഷിണം ചെയ്തു.
ക്ഷേത്രാധിപത്യ കരകളായ ചോനംചിറ, ചെമ്മക്കാട്, ചാറുകാട്, കുഴിയംതെക്ക്, ചെറുമൂട്, ഇടവട്ടം, കുഴിയംവടക്ക്, കരിക്കോട് കിഴക്ക്, മങ്ങാട്, കരിക്കോട് പടിഞ്ഞാറ്, ചാത്തിനാംകുളം, പാമ്പാലില്‍, കണ്ടച്ചിറ, അമ്പഴവയല്‍, പനയം, പനയം വടക്ക് എന്നീകരകളിലെ പ്രാചീനവഴികളിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തില്‍ തിരികെ എത്തി. ക്ഷേത്രം പ്രസിഡന്റ് സി.കെ.ചന്ദ്രാബു വിളക്കറിയിപ്പ് ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി.
ഇന്ന് കൊടിമരഘോഷയാത്ര നടക്കും. പനയം കരയില്‍ നിന്നുമാണ് കൊടിമരത്തിന് ആവശ്യമായ മരം കണ്ടെത്തി കാപ്പ് കെട്ടിയിരിക്കുന്നത്.
രാവിലെ ക്ഷേത്രത്തില്‍ നിന്നെത്തുന്ന സംഘം മരം മുറിക്കും. പന്ത്രണ്ട് കരയിലെയും ഭക്തര്‍ ചേര്‍ന്ന് തോളിലേറ്റി ആഘോഷപൂര്‍വം ക്ഷേത്രത്തിലെത്തിക്കും. നാളെ രാവിലെ 9 മണികഴികെ തൃക്കോടിയേറ്റ് നടക്കും. ക്ഷേത്രം തന്ത്രി അടിമുറ്റത്ത് സുരേഷ് ഭട്ടതിരിയുടെ കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍. പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം 9ന് സമാപിക്കും. സമാപനദിവസം വൈകിട്ട് 4ന് നെടും കുതിരയെടുപ്പും വന്‍പിച്ച കെട്ടുകാഴ്ചയും നടക്കും. ഉത്സവദിവസം നടക്കുന്ന ശ്രീഭൂതബലി വിളക്കിന് ആയിര ക്കണക്കിന് ബാലികമാര്‍ കാക്കവിളക്കേന്തുന്നത് സവി ശേഷതയാണ്.
















