മൊഹാലി: കംഗാരുക്കളെ തുരത്തി ‘വിരാട വിജയം’ സ്വന്തമാക്കിയ ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ കടന്നു. വിരാട് കോഹ്‌ലിയുടെ വണ്‍ മാന്‍ ഷോ കരുത്തിലാണ് ഇന്ത്യന്‍ വിജയം.
സ്‌കോര്‍: ഓസ്‌ട്രേലിയ: 160/6 (20), ഇന്ത്യ: 161/4 (19.1)
15 ഓവര്‍വരെ മത്സരം കണ്ട കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇന്ത്യന്‍ ടീമിന്റെ ജയം. പക്ഷേ വിരാട് കോഹ്്‌ലി എന്ന ആത്മവിശ്വാസത്തിന്റെ ആള്‍രൂപം ക്രീസില്‍നില്‍ക്കുന്നിടത്തോളം കാലം തോല്‍വി ഉറപ്പിക്കാനും ആരാധകര്‍ക്കു കഴിയുമായിരുന്നില്ല.
ഒടുവില്‍ 20-ാം ഓവറിന്റെ ആദ്യ പന്ത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഓസീസ് ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി ബൗണ്ടറിയിലേക്കു പായിക്കുമ്പോള്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ കോഹ്്‌ലി ചിരിച്ചു. കാരണം അദ്ദേഹത്തിന്റെ 82 റണ്‍സിന് ഇന്ത്യയുടെ പ്രതീക്ഷകളുടെ ഭാരമുണ്ടായിരുന്നു. 51 പന്തില്‍നിന്നു ഒമ്പതു ഫോറുകളുടെയും രണ്ടു സിക്‌സുകളുടെയും അകമ്പടിയോടെയുള്ള ഇന്നിംഗ്‌സ്.
ഒടുവില്‍ അഞ്ചു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 10 പന്തില്‍നിന്നു 18 റണ്‍സുമായി നായകനും വിജയത്തില്‍ കോഹ്്‌ലിക്കു കൂട്ടുനിന്നു. ജയത്തോടെ ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചു. മികച്ച ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമായി നിറഞ്ഞുനിന്ന ഷെയ്ന്‍ വാട്‌സന്റെ ഇന്നിംഗ്‌സിന്റെ ശോഭ കോഹ്്‌ലിക്കരുത്തില്‍ മാഞ്ഞുപോയി. തോല്‍വിയോടെ ഓസീസ് ലോകകപ്പില്‍നിന്നു പുറത്തായി. വെസ്റ്റ്ഇന്‍ഡീസാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ആരണ്‍ ഫിഞ്ചിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും മികച്ച പ്രകടനങ്ങളുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ഫിഞ്ച് 43ഉം മാക്‌സ്‌വെല്‍ 31ഉം റണ്‍സ് നേടി. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റും യുവരാജ് സിംഗ്, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഉസ്മാന്‍ ഖവാജ (26), ഷെയന്‍ വാട്‌സന്‍ (18), പീറ്റര്‍ നെവില്‍ (10) എന്നിവരും ഓസീസ് സ്‌കോറിലേക്കു സംഭാവന നല്‍കി. ഫിഞ്ചും ഖവാജയും ചേര്‍ന്ന് ഓസീസിന് 4.2 ഓവറില്‍ 54 കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടെത്തിയവര്‍ക്ക് അത് മുന്നോട്ടുനയിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്.
















