ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് മുന്നില്‍ക്കണ്ട് ഫുട്‌ബോളിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. മന്‍ കീ ബാത്തിലാണ് ഫുട്‌ബോളിന് ഊര്‍ജമേകുന്ന ആഹ്വാനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെയും മോദി അഭിനന്ദിച്ചു.
ഫുട്‌ബോളില്‍ ഒരു കാലത്തുണ്ടായിരുന്ന പ്രതാപം ഇപ്പോഴില്ലെന്നു മോദി ചൂണ്ടിക്കാട്ടി.
റാങ്കിങ്ങില്‍ ഏറെ പിന്നിലാണ്. 2017ല്‍ അണ്ടര്‍ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം തയാറെടുക്കുന്നു. ഫുട്‌ബോളിനോടുള്ള ആവേശം വര്‍ധിപ്പിക്കാന്‍ ഇതൊരവസരമാണ്. ലോകകപ്പ് ഇന്ത്യയെ ലോകനിലവാരത്തിലെത്തിക്കുമെന്നു വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കം ആസ്വദിക്കുന്നുണ്ട് രാജ്യത്തെ യുവത്വം. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഫുട്‌ബോള്‍ കളി സ്വാധീനമുറപ്പിക്കണം. ലോകകപ്പ് ഇതിനൊരവസരവുമാകണം.
രാജ്യത്തെ യുവാക്കള്‍ അണ്ടര്‍ 17 ലോകകപ്പിന്റെ അംബാസഡര്‍മാരാകണമെന്നും മോദി നിര്‍ദേശിച്ചു.
ഫിഫ റാങ്കിങ്ങില്‍ നിലവില്‍ 160ലാണ് ഇന്ത്യ. ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ദയനീയ പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം നടത്തിയത്. അതിനിടെയാണ് മന്‍ കീ ബാത്തിലൂടെ ഫുട്‌ബോളിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം.
കൊച്ചിയുള്‍പ്പെടെ ആറു നഗരങ്ങളിലാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറുന്നത്. ന്യൂദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗോഹട്ടി, ഗോവ തുടങ്ങിയവ മറ്റു വേദികള്‍. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗം വേദികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ടും ഈ നഗരങ്ങള്‍ക്ക് ലഭിക്കും.
















