മൊഹാലി: ട്വന്റി20 ലോകകപ്പിലെ സെമി ലക്ഷ്യമിട്ടുള്ള നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ 161 റണ്‍സ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 43 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.
തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ഓസീസിന് നല്‍കിയത്. നാലോവറില്‍ 53 റണ്‍സ് വാരി കൂട്ടുകെട്ട്. എന്നാല്‍, പിന്നീടു വന്നവര്‍ക്ക് തുടക്കം മുതലാക്കാനായില്ല. ഇതോടെ മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് കുറഞ്ഞു. 16 പന്തില്‍ ആറു ഫോറുകളോടെ 26 റണ്‍സെടുത്ത ഖവാജയാണ് കൂടുതല്‍ ആക്രമണകാരിയായത്. ഖവാജയെ നെഹ്‌റ ധോണിയുടെ കൈയിലെത്തിച്ചു.
തുടര്‍ന്നെത്തിയ ഡേവിഡ് വാര്‍ണര്‍ക്കും (ആറ്), നായകന്‍ സ്റ്റീവന്‍ സ്മിത്തിനും (രണ്ട്) ഒന്നും ചെയ്യാനായില്ല. സ്‌കോര്‍ 100ലെത്തിയതിനു പിന്നാലെ ഫിഞ്ചും മടങ്ങി. 34 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സറും സഹിതമാണ് ഫിഞ്ച് 43 റണ്‍സെടുത്തത്.
പിന്നീട് ഗ്ലെന്‍ മാക്‌സ്‌വെല്‍ (31), ഷെയ്ന്‍ വാട്‌സണ്‍ (18 നോട്ടൗട്ട്), ജയിംസ് ഫൗള്‍ക്‌നര്‍ (10) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 150 കടത്തി. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ടു പന്തില്‍ ഫോറും സിക്‌സറും പറത്തി നെവില്‍ സ്‌കോര്‍ 160ലെത്തിച്ചു. ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തപ്പോള്‍, ആശിഷ് നെഹ്‌റ, ജസപ്രീത് ബുംറ, അശ്വിന്‍, യുവരാജ് സിങ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
നെഹ്‌റ നാലോവറില്‍ 20 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളു.
















