സൂതന്‍ തുടര്‍ന്നു: അഞ്ചു പാണ്ഡവ സഹോദരന്മാര്‍ക്കും കൂടി പാഞ്ചാലി പത്‌നിയായി. അവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ മക്കളെയും ആ പതിവ്രത കൊടുത്തു. കൃഷ്ണന്റെ സമ്മതത്തോടെ അര്‍ജ്ജുനന്‍ കൃഷ്ണസോദരിയായ സുഭദ്രയെ തട്ടിക്കൊണ്ടു വന്നു വേട്ടു. ദ്രൗപതീ പുത്രന്മാരും സുഭാദ്രാപുത്രനായ അഭിമന്യുവും യുദ്ധത്തില്‍ മരിച്ചു. അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ പുത്രന്‍ ആശ്വത്ഥാമാവിന്റെ ബാണശരത്താല്‍ മൃതനായെങ്കിലും ശ്രീകൃഷ്ണന്‍ അവനെ ജീവിപ്പിച്ചു. ഈ കുട്ടിയാണ് പരീക്ഷിത്ത്. വംശം പലവിധ പരീക്ഷകളെ നേരിടുന്ന അവസരമായതുകൊണ്ട് ആ പേര് കുട്ടിക്ക് ഉചിതമായി വന്നുചേര്‍ന്നു. ധൃതരാഷ്‌ട്രരുടെ മക്കള്‍ എല്ലാം യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പാണ്ഡവരുടെ കൊട്ടാരത്തില്‍ ഭീമന്റെ കുത്തുവാക്കേറ്റ് അദ്ദേഹം പീഡിതനായിരുന്നു.
ഗാന്ധാരി പുത്രശോകത്തില്‍ അദ്ദേഹത്തിന്റെയൊപ്പം അവിടെക്കഴിഞ്ഞു. യുധിഷ്ഠിരന്‍ രണ്ടാളെയും വേണ്ടപോലെ ശുശ്രൂഷിച്ചിരുന്നു. വിദുരര്‍ കണ്ണുകാണാത്ത ജ്യേഷ്ഠനു ഹിതമുപദേശിച്ചു കൂടെയിരുന്നു. പുത്രദുഃഖം കളയാനെന്ന മട്ടില്‍ ധര്‍മ്മപുത്രര്‍ വല്യച്ഛനെ ശുശ്രൂഷിച്ചുവെങ്കിലും ഭീമന്റെ വാക്ശരങ്ങള്‍ കൊണ്ട് ആ പിതാവിനെ വീണ്ടും വീണ്ടും മുറിപ്പെടുത്തി. ‘അന്ധനും ദുഷ്ടനുമായ നിന്റെ പുത്രരെ ഞാനാണ് കൊന്നത്.
ദുര്യോധനന്റെ രക്തത്തിന്റെ സ്വാദ് എന്റെ നാവില്‍ നിന്നും പോയിട്ടില്ല. ഇപ്പോളിതാ അവന്റെ അച്ഛന്‍ നാണമില്ലാതെ ഞാന്‍ കൊടുക്കുന്ന ചോറ് ഉരുട്ടി വിഴുങ്ങുന്നു. കാക്കയെപ്പോലെയും പട്ടിയെപ്പോലെയുമുള്ള ജീവിതം എന്തിനാണ്?’ ‘അവന്‍ വെറും മണ്ടനാണ്, പറയുന്നത് കാര്യമാക്കണ്ട’ എന്ന് ധര്‍മ്മപുത്രര്‍ വല്യച്ഛനെ സമാധാനിപ്പിച്ചു വന്നു
.
പതിനെട്ടു വര്‍ഷം അങ്ങനെ കൊട്ടാരത്തില്‍ക്കഴിഞ്ഞ ധൃതരാഷ്‌ട്രര്‍ വനവാസത്തിനായി യുധിഷ്ഠിരന്റെ അനുമതി തേടി. ‘വിധിയാംവണ്ണം പുത്രന്മാര്‍ക്ക് ഉദകവും ചെയ്യണം. പൂര്‍വ്വ വൈരാഗ്യംകൊണ്ട് ഭീമന്‍ എന്റെ മക്കള്‍ക്ക് ഒഴികെ എല്ലാവര്‍ക്കും വേണ്ടി കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. നീ അതിനുവേണ്ട ധനമൊരുക്കിത്തന്നാല്‍ കര്‍മ്മങ്ങള്‍ ചെയ്തിട്ട് ഞാന്‍ വനത്തിലേയ്‌ക്ക് പൊയ്‌ക്കൊള്ളാം’.
















