കൊച്ചി: സ്വകാര്യ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ ബിസിനസ് വൈരാഗ്യമാണെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് മലപ്പുറം ഫായിദ ഹൗസില്‍ പി.എ. മുഹമ്മദ്. ബുധനാഴ്ച രാവിലെയാണ് കാക്കനാട് രാജഗിരി കൊളേജിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദിന്റെ മകന്‍ ഫിറാസത്തിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോകുന്നത്. ഗള്‍ഫില്‍ ബിസിനസുകാരനായ തന്നോടുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഗള്‍ഫ് വ്യവസായി കെ.ടി. റബിയുള്ളയാണ് മകനെ തട്ടികൊണ്ടു പോയതെന്ന് മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഗള്‍ഫില്‍ ആശുപത്രി രംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തിന് റബിയുള്ളയുടെ സ്ഥാപനവുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകള്‍ വര്‍ഷങ്ങള്‍ മുന്‍പ് തീര്‍ത്തിരുന്നതാണ്. എന്നാല്‍ തന്റെ കമ്പനിക്കെതിരെ റബിയുള്ള ഗള്‍ഫില്‍ കേസ് കൊടുത്തെങ്കിലും വിധി തനിക്ക് അനുകൂലമായിരുന്നു. ഇതെ തുടര്‍ന്നാണ് തന്റെ മകനെ തട്ടിയെടുത്തത്. 16 കോടി രൂപ തന്നില്ലെങ്കില്‍ മകനെ വിടില്ലെന്ന് റബിയുള്ള ഫോണില്‍ ഭീഷണിപ്പെടുത്തി.
പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ബുധനാഴ്‌ച്ച വൈകിട്ടോടെ മകനെ പൊള്ളാച്ചിക്ക് സമീപം ഇറക്കി വിടുകയായിരുന്നു. കൊളേജ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത
ഇന്‍ഫോപാര്‍ക്ക് പോലീസ് വിദ്യാര്‍ത്ഥിയെ പൊള്ളാച്ചിയില്‍ നിന്നും കണ്ടെത്തി. പണം നല്‍കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. മുന്‍പും ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നു. കേസുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് പറഞ്ഞു.
















