ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി. രാജ്യദ്രോഹക്കേസില്‍ ജാമ്യംലഭിച്ച ശേഷം കനയ്യ നടത്തിയ പ്രസംഗത്തില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് പോലീസ് നിലപാടറിയിച്ചത്. കേസ് ഏപ്രില്‍ 28ലേക്ക് ഹൈക്കോടതി മാറ്റിയിട്ടുണ്ട്.
ജാമ്യം ലഭിച്ച ശേഷം ജെഎന്‍യുവില്‍ നടത്തിയ പ്രസംഗത്തില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് കനയ്യയുടെ ജാമ്യം റദ്ദാക്കാനാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തിയ ശേഷം നിലപാട് വ്യക്തമാക്കാമെന്ന് ദല്‍ഹി പോലീസ് ഇന്നലെ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈലേന്ദ്ര ബബ്ബര്‍ പറഞ്ഞു.
ജാമ്യം ലഭിച്ച ശേഷം കനയ്യ നടത്തിയ പ്രസംഗവും രാജ്യദ്രോഹപരമാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
















