കാഞ്ഞങ്ങാട്: മലയോരം ദാഹിച്ച വലയുമ്പോഴും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണം ഇനിയും പാതിവഴിയില്‍ മാത്രം. വോട്ട് ചെയ്ത ജനപ്രതിനിധികളെ വിശ്വസിക്കുന്ന ജനങ്ങള്‍ ഇത്തവണയും ദാഹം തീരാതെ തന്നെ വോട്ട് ചെയ്യേണ്ടി വരും. വര്‍ഷങ്ങളായി സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഭരിച്ച പഞ്ചാത്തുകളിലാണ് ഈ ദുസ്ഥിതി. വേനല്‍ കനത്തതോടെ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം വറ്റി തുടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതികളാകട്ടെ പാതിവഴിയില്‍ നില്ക്കുന്നു.
നാല്പത് വര്‍ഷത്തോളമായി സിപിഎം ഭരിക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്തില്‍ 2004-ല്‍ തുടങ്ങിയ പദ്ധതി 12 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് എല്‍.ഐ.സിയുടെ സാമ്പത്തിക സഹായത്തോടെ ഏഴ് കോടി രൂപ ചിലവിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഈ തുക തികയാതെ വന്നതോടെ കരാറുകാരന് പണി അവസാനിപ്പിച്ചു പോവുകയാണ് ചെയ്തത്. പിന്നീട് സാര്‍ക്ക് പദ്ധതിയില്‍ പെടുത്തി പതിനേഴു കോടി രൂപ ഇതിനായി നീക്കി വെച്ചു. വാട്ടര്‍ അതോരിറ്റിയുടെ നേതൃത്വത്തില്‍ സംഭരണികളും മറ്റും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വീടുകളിലേക്ക് വെള്ളമെത്തിക്കണമെങ്കില്‍ ഇനും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കണം. വാട്ടര്‍ അതോരിറ്റിയുടെയും കാരാറുകാരുടെയും അനാസ്ഥയാണ് പദ്ധതി വര്‍ഷങ്ങളോളം നിളാന്‍ കാരണമെന്ന് പഞ്ചായത്ത്് അധികൃതര്‍ പറയുന്നു. എന്നാല്‍ നിര്‍മാണം വേഗത്തിലാക്കേണ്ട ചുമതലയില്‍ നിന്ന് ഭരണ സമിതി ഒഴിഞ്ഞ് മാറുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പദ്ധതി നിര്‍മ്മാണത്തില്‍ ഉദാസീനതകാട്ടുന്ന ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കണമെന്നും ഇവര്‍ പറയുന്നു. പദ്ധതിക്കായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കേണ്ടത് വൈദ്യുതി വകുപ്പാണ്. എന്നാല്‍ കോടോംബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി വൈദ്യുതീകരണത്തിനുള്ള അപേക്ഷ പോലും നല്‍കിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
യുഡിഎഫ് ഭരിക്കുന്ന കള്ളാര്‍ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കുടിവെള്ളത്തിനായി 2012ല്‍ 6.42കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണവും മന്ദഗതിയിലാണ്. കള്ളാര്‍ പെരുമ്പള്ളിയില്‍ സംഭരണി സ്ഥാപിച്ച് മുഴുവന്‍ പ്രദേശത്തും വെള്ളമെത്തിക്കാനായിരുന്നു പരിപാടി. എന്നാല്‍ ഇതിന്റെ നിര്‍മാണവും എന്ന് തീരുമെന്ന് ആര്‍ക്കുമറിയില്ല. മോട്ടോര്‍ പുരയും പൈപ്പു ലൈനുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതികരണത്തിനും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനും വാട്ടര്‍ അതോരിറ്റിക്ക് സാധിച്ചിട്ടില്ല.
മോട്ടോര്‍ പുരയില്‍ നിന്നും ജല സംഭരണിയിലേക്കുള്ള വെള്ളമെത്തിക്കാനുള്ള പൈപ്പുകള്‍ സംഭരണിയുടെ പരിസരത്ത് തുരുമ്പിച്ച നിലയിലാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കൊട്ടോടിയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയാകട്ടെ ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത പഞ്ചായത്തായ പനത്തടിയാകട്ടെ നിരവധി പദ്ധതികള്‍ക്ക് പണം ചിലവഴിച്ചതല്ലാതെ ഒന്നും ഗുണകരമായില്ല. ഇവിടെയും എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പെടുത്തി കുടിവെള്ള വിതരണത്തിനായി 4 കോടി രൂപ അനുവദിച്ചിരുന്നു.
പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ കുടിവെള്ളമെത്തിക്കാന്‍ പൈപ്പ് ലൈനിന്റെ പണി കഴിഞ്ഞെങ്കിലും സംഭരണിയുടെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. വാട്ടര്‍ അതോരിറ്റിയുടെ കീഴില്‍ ഇവിടെ നിലവിലുള്ള കുടിവെള്ള പദ്ധതിയാകട്ടെ കാലപ്പഴക്കത്താല്‍ പൊട്ടിയ പൈപ്പുകളും വോള്‍ട്ടേജ് പ്രശ്നവും കാരണം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുമില്ല. 2015 മാര്‍ച്ച് 31 നകം കുടിവെള്ള വിതരണം ആരംഭിക്കേണ്ട പദ്ധതികളാണ് മൂന്ന് പഞ്ചായത്തുകളിലും പൂര്‍ത്തിയാക്കാതെ കിടക്കുന്നത്. ഇതിനിടെ വീണ്ടുമൊരു തെരഞ്ഞെടുപ്പുകൂടി സമാഗതമായിരിക്കുകയാണ്. പാവം ജനങ്ങള്‍ ഇത്തവണയും തങ്ങളുടെ ജനപ്രതിനിധികളെ വിശ്വസിച്ച് പോളിംഗ് ബൂത്തുകളിലെത്തുകയാണ്. എന്നെങ്കിലും തങ്ങളുടെ ദാഹം തീര്‍ക്കുമെന്ന വിശ്വാസത്തോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: