മാനന്തവാടി: രണ്ടു മണിക്കൂറിനുള്ളില്‍ ഗുരുതരമായതോ അല്ലാത്തതോ ആയ ക്ഷയരോഗികളെ കണ്ടെത്താന്‍ കഴിയുന്ന സിബി-നാറ്റ് മെഷിന് ജില്ലാ ടി ബി സെന്ററില്‍ സ്ഥാപിക്കുന്നു. സംസ്ഥാനത്ത തിരുവനന്തപുരത്ത് മാത്രമാണ് ഇപ്പോള്‍ മെഷീന് സ്ഥാപിച്ചിട്ടുള്ളത്. ക്ഷയരോഗ നിയന്ത്രണങ്ങളില്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ എം സി ആര്-എക്സ് സി ആര് വിഭാഗത്തിലുള്ള രോഗികളെ കണ്ടെത്തുന്നതിനുള്ള കാലതാമസമാണ്. നിലവില്‍ ഇത്തരം രോഗികളെ കണ്ടെത്തുന്നതിന് തിരുവനന്തപുരത്തു മാത്രമേ സൗകര്യമുള്ളു. ഇപ്രകാരമുള്ള കാലതാമസം ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് ശാശ്വതമായ പരിഹാരമായാണ് മെഷിന് സ്ഥാപിക്കുന്നത്. ജില്ലാ ടി ബി സെന്ററില്‍ സ്ഥാപിക്കുന്ന മെഷീന് ഏകദേശം 18 ലക്ഷത്തോളം രൂപയാണ് ചിലവ്. ഇതിലൂടെ കേവലം രണ്ട് മണിക്കൂറിനുള്ളില്‍ ഗുരുതരമായതോ അല്ലാത്തതോ ആയ ക്ഷയരോഗികളെ കണ്ടെത്താന്‍ കഴിയും. ഇതിനാല്‍ തന്നെ ക്ഷയരോഗത്തിന്റെ അതി വ്യാപനം ഒരുപരിധി വരെ തടയാന്‍ കഴിയും. ലോകക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ജില്ലക്ക് പുറമെ കാസര്‍ഗോഡും പത്തനംതിട്ട എറണാകുളം തിരുവനന്തപുരം തുടങ്ങിയ എട്ടോളം ജില്ലകളില്‍ യന്ത്രം സ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. യന്ത്രം സ്ഥാപിക്കുന്നതിനോടനുബന്ധിച്ചുള്ളഉപകരണങ്ങള് സ്ഥാപിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ ജില്ലാ ആശുപത്രിയില്‍ മെഷിന് പ്രവര്‍ത്തന സജ്ജമാകും. ക്ഷയരോഗ നിയന്ത്രണത്തിലെ മറ്റൊരു വെല്ലുവിളിയാണ് രോഗികള്‍ക്ക് മരുന്ന് കഴിക്കാനുള്ള വിമുഖത. ഇതിന് കാരണം നിലവിലെ സമ്പ്രദായത്തിലെ ഒരുസമയം കഴിക്കേണ്ട ഗുളികകളുടെ എണ്ണത്തിലുള്ള കൂടുതലാണ്. ഇതിനു പരിഹാരമായി ക്ഷയരോഗ നിയന്ത്രണത്തിലെ മറ്റൊരു കാല്‍വെപ്പാണ് ക്ഷയരോഗത്തിനുള്ള ദിവസേന മരുന്ന് കൊടുത്തുള്ള ചികിത്സ. ഡോട്സ് സമ്പ്രദായത്തിലെന്ന പോലെ രോഗിക്ക് നേരിട്ട് ആരോഗ്യപ്രവര്‍ത്തകന്റെ നിരീക്ഷണത്തില്‍ മരുന്ന് നല്കി ക്ഷയരോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു. ‘ദിവസേനയുള്ള മരുന്ന് നല്കല്’ പദ്ധതിയും ജില്ലയില്‍ നടപ്പിലാവുകയാണ്. ജില്ലയിലെ മുഴുവന്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ക്ഷയരോഗികള്‍ക്കും ഐ ടി സി പി യുടെ സഹായത്തോടെ രോഗവിമുക്തി ലഭിക്കുന്നത് വരെ പോഷകാഹാര പരിപാടിയും കഴിഞ്ഞ രണ്ടുവര്‍ഷമായി നടപ്പിലാക്കി വരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: