മാഡ്രിഡ്: ചെല്‍സി സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡ് അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിന് കളിക്കുമെന്ന് സൂചന. ഹസാര്‍ഡിനെ കൈമാറുന്നതു സംബന്ധിച്ച് ചെല്‍സിയുമായി ധാരണയായെന്നാണ് സൂചന. താരത്തിനായി 78 മില്യണ്‍ പൗണ്ടാണ് ഹസാര്‍ഡിനെ സ്വന്തം നിരയില്‍ എത്തിക്കുന്നതിനായി റയല്‍ മാഡ്രിഡ് മുടക്കുക.
ഹസാര്‍ഡിനായി ഫ്രഞ്ച് ക്ലബ് പിഎസ്ജിയും രംഗത്തുണ്ടായിരുന്നു. റയല്‍ ടീം അംഗവും കൊളംബിയന്‍ സൂപ്പര്‍താരവുമായ ജെയിംസ് റോഡ്രിഗസിനെ പകരം നല്‍കി താരത്തെ സ്വന്തമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഈ സീസണോടെ ചെല്‍സിയോട് വിടപറയുൂമെന്ന് ഹസാര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സീസണില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനം നടത്തുന്ന ഹസാര്‍ഡ് രണ്ട് ഗോളുകള്‍ മാത്രമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ 19 ഗോളും പ്രീമിയര്‍ ലീഗ് പ്ലയര്‍ ഓഫ് ദ അവാര്‍ഡും നേടിയ സ്ഥാനത്താണിത്.
റയല്‍ കോച്ചും മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരവുമായ സിനദിന്‍ സിദാന്റെ കീഴില്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ മറ്റൊന്നും ആലോചിക്കില്ലെന്ന് ഹസാര്‍ഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്തായാലും റയലിന്റെ മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കു പറ്റിയ പങ്കാളിയെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബും ആരാധകരും.
















