പാറ്റ്‌ന: ബീഹാറില്‍ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തില്‍വന്നതോടെ നിതീഷ് കുമാറിനെ പ്രധാനമന്ത്രിപദത്തില്‍ കണ്ടായിരുന്നു ചിലരുടെ രാഷ്‌ട്രീയ നീക്കങ്ങള്‍. പാര്‍ട്ടികള്‍ ആവേശം കൊണ്ടു, മുന്നണിസ്വപ്‌നങ്ങള്‍പോലും ചിലര്‍ കണ്ടു. എന്നാല്‍, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കടന്നുകൂടാന്‍ സഹായിച്ച ഭരണനേട്ടം നിതീഷിന്റെ മാത്രം കഴിവായിരുന്നില്ലെന്നു വ്യക്തമാകുന്നു. ബിജെപി പിന്തുണയോടെ ഭരിച്ചപ്പോള്‍ സംസ്ഥാനം കാട്ടു നീതി ഭരണത്തില്‍നിന്നു മാറി, എന്നാല്‍ ബിജെപിയെ വിട്ട്, പഴയ ആര്‍ജെഡി കൂട്ടില്‍ ചേര്‍ന്ന നിതീഷിന്റെ ഭരണം സംസ്ഥാനത്തെ അതിവേഗം പിന്നോട്ടടിക്കുകയാണ്.
സംസ്ഥാനത്ത് കൊലപാതകങ്ങളും കൊള്ളകളും അതിക്രമങ്ങളും വ്യാപകമായിട്ടുണ്ട്. ക്രമസമാധാന രംഗത്ത് കുഴപ്പങ്ങള്‍ ഇലാത്ത ദിവസങ്ങള്‍ ഇല്ലെന്നായി. നിതീഷിനെ മുന്‍നിര്‍ത്തി, മക്കളെക്കൊണ്ട് ലാലു പ്രസാദ് സംസ്ഥാനം ഭരിക്കുകയാണെന്നു പരാതിയും ആക്ഷേപവും വ്യാപകമായിക്കൊണ്ടിരിക്കുന്നു. കൂട്ടുകക്ഷിയായ കോണ്‍ഗ്രസിന്റെ നിലപാടും വിമര്‍ശിക്കപ്പെടുന്നു.
അതേ സമയം, സംസ്ഥാനത്തെ ജയിലുകളില്‍നിന്നും ജയിലുദ്യോഗസ്ഥരെക്കുറിച്ചും വരുന്ന വാര്‍ത്തകള്‍ നിതീഷിനെ അമ്പരപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി മുഖ്യമന്ത്രിയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നത് യുവാക്കളാണെന്നത് കടുത്ത സമ്മര്‍ദ്ദമാണു നല്‍കിയിരിക്കുന്നത്.
ഫേസു ബുക്കിലും ട്വിറ്ററിലുംവഴി കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ഒരു മുതിര്‍ന്ന ജെയില്‍ ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായിരുന്നു. ഇതിനെ തുടര്‍ന്ന് കിഷന്‍ഗെഞ്ച് ജെയിലിലെ സൂപ്രണ്ടായ പ്രതി കൃപാ ശങ്കര്‍ പാണ്ഡെയ്‌ക്കെതിരേ ലൈംഗികാതിക്രമത്തിനു കേസെടുത്തു.
തൊട്ടുപിന്നാലെ വന്നു, കിഷന്‍ ഗെഞ്ച് സദര്‍ പോലസീ സ്‌റ്റേഷനിലെ ആഡംബര സൗകര്യങ്ങളെക്കുറിച്ചുള്ള വീഡിയോ. തുടര്‍ന്ന് എസ്എച്ച്ഒയെ പുറത്താക്കി.
നേരത്തെ, സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പുമന്ത്രി അബ്ദുള്‍ ഗഫൂര്‍ സിവാന്‍ ജെയിലില്‍, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്ന മുന്‍ എംപി മൊഹമ്മദ് ഷഹാബുദ്ദീനുമൊത്ത്, ഭക്ഷണം കഴിയ്‌ക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വന്നിരുന്നു.
ഈ സംഭവങ്ങളുടെയെല്ലാം വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് പറഞ്ഞു. എന്നാല്‍, സാമൂഹ്യ മാധ്യമങ്ങള്‍ ഈ സര്‍ക്കാരിനെ തുറന്നുകാട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ നന്ദ കിഷോര്‍ യാദവ് പ്രസ്താവിച്ചു. ജെയില്‍ ചട്ടം ലംഘിക്കുന്നവരോട് മുഖ്യമന്ത്രിക്ക് മുദു സമീപനമാണെന്നും കിഷോര്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പു വിജയിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളെ ഏറെ ആശ്രയിച്ച സര്‍ക്കാരിനും ഭരണമുന്നിണിക്കും അവയെ തള്ളിപ്പറയാനാവുന്നില്ല. അതിനാല്‍, സര്‍ക്കാരിന് അതിവേഗം നടപടിയെടുക്കാന്‍ ഈ മാധ്യമങ്ങള്‍ ഏറെ സഹായിച്ചുവെന്ന് നാണക്കേടു മറയ്‌ക്കാന്‍ വിശദീകരണം ഇറക്കിയിരുക്കുകയാണ് പാര്‍ട്ടി.
















